മല്ലു ആരാധകര്‍ സഞ്ജുവിന്റെ ഭാവി നശിപ്പിക്കുന്നു; വിമര്‍ശനവുമായി കോച്ച്

By Shyma Mohan.01 12 2022

imran-azhar

 


തിരുവനന്തപുരം: സഞ്ജു സാംസണെ ബിസിസിഐയുടെ ശത്രുവാക്കി മാറ്റുന്നത് മലയാളി ആരാധകരാണെന്ന് താരത്തിന്റെ ബാല്യകാല പരിശീലകന്‍ ബിജു ജോര്‍ജ്. മലയാളി ആരാധകരുടെ രൂക്ഷമായ പ്രതികരണങ്ങള്‍ ബിസിസിഐക്ക് സഞ്ജുവിലുള്ള താല്‍പര്യം കുറയാന്‍ കാരണമായെന്നാണ് ബിജുവിന്റെ പക്ഷം.

 

സഞ്ജു സാംസണും ബിസിസിഐയും തമ്മിലുള്ള ബന്ധം വഷളാക്കുന്ന തരത്തിലാണ് ആരാധകരുടെ ഇടപെടല്‍. ഒരു കാരണവുമില്ലാതെയാണ് ഋഷഭ് പിന്തിനെ ഇകഴ്ത്തിക്കാണിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഇത് വളരെ തെറ്റായ സമീപനമാണെന്നും ബിജു പറഞ്ഞു. ക്രിക്കറ്റ് രാഷ്ട്രീയത്തിന്റെ മറ്റൊരു കളിയാണെന്ന് കരുതുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ സഞ്ജു ഇരയാക്കപ്പെട്ടുവെന്നാണ് പറയുന്നത്. ഞാന്‍ അങ്ങനെ ഒരിക്കലും വിശ്വസിക്കുന്നില്ല. സാഹചര്യങ്ങള്‍ സഞ്ജുവിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നില്ലെന്നതാണ്. അല്ലാതെ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നതല്ല. ആരെയും മനഃപൂര്‍വ്വം ലക്ഷ്യമിടുന്നതായി കരുതുന്നില്ല. അതും വിവിഎസ് ലക്ഷ്മണിനെ പോലുള്ള പരിശീലകനുള്ളപ്പോള്‍ അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല.

 

സഞ്ജുവിനെ മികച്ച ബാറ്റ്‌സ്മാനായാണ് പരിഗണിക്കാനാവുക. എന്നാല്‍ ഋഷഭിന്റെ കീപ്പിംഗിലെ മികവ് അപാരമാണ്. പന്ത് സ്റ്റമ്പിന് പിന്നില്‍ ഒരു പിഴവും വരുത്തിയിട്ടില്ല. വളരെ കാലമായി ചുവപ്പും വെള്ളയും പന്തുകളില്‍ ഇന്ത്യക്ക് വേണ്ടി അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളതെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

 

ഖത്തറില്‍ നടക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ അടക്കം നിരവധി ആരാധകരാണ് സഞ്ജുവിനെ പിന്തുണച്ച് പ്ലക്കാര്‍ഡും ഫ്‌ളക്‌സുമായി എത്തിയിട്ടുള്ളത്. ഓരോ തവണ താരത്തെ ടീമില്‍ നിന്ന് പുറത്താക്കുമ്പോഴും സഞ്ജുവിനായി ആരാധകര്‍ മുറവിളി കൂട്ടാറുണ്ട്.

OTHER SECTIONS