By web desk.29 05 2023
പാരിസ്: ഫ്രഞ്ച് ഓപ്പണിലും യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധം.ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ ബെലാറസിന്റെ അരിന സബലെന്‍കയ്ക്ക് ഹസ്തദാനം നല്കാന് യുക്രൈന് താരം മാര്‍ത കോസ്റ്റിയുക് വിസമ്മതിച്ചു.
ഇരുവരുടേയും ഒന്നാം റൗണ്ട് പോരാട്ടം അവസാനിച്ചതിന് പിന്നാലെയാണ് സംഭവം. യുക്രൈന് താരത്തിന്റെ നടപടിയെ സ്റ്റേഡിയത്തിലെ കാണികള്‍ പരിസഹസിച്ചും ആക്രോശിച്ചുമാണ് നേരിട്ടത്.
മോസ്ക്കോയുമായി സൈനിക സഖ്യമുള്ള രാജ്യമാണ് ബെലാറസ്. യുക്രൈന് അധിനിവേശത്തില്‍ റഷ്യയെ ബെലാറസ് പിന്തുണയ്ക്കുന്നുമുണ്ട്. ഇതാണ് യുക്രൈന് താരം പ്രതിഷേധത്തിക്കാന് കാരണം.
മത്സരം ഏകപക്ഷീയമായിരുന്നു. സബലെന്‍ക അനായാസ വിജയമാണ് സ്വന്തമാക്കിയത്. 6-3, 6-2 എന്ന സ്കോറിനാണ് കോസ്റ്റിയുക് വീണത്.സാധാരണ ഇരു താരങ്ങളും ഹസ്തദാനം ചെയ്താണ് ഗ്രൗണ്ട് വിടാറുള്ളത്.
എന്നാല്‍ കോസ്റ്റിയുക് അതിനു നിന്നില്ല. റഷ്യന്‍, ബെലാറസ് താരങ്ങള്‍ക്ക് കൈ കൊടുക്കില്ലെന്ന് നേരത്തെ തന്നെ താരം തീരുമാനിച്ചിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണിലും താരം ഇത്തരത്തിലാണ് പ്രതികരിച്ചത്.
യുക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലും റഷ്യന്‍, ബെലാറസ് താരങ്ങളെ ടെന്നീസ് പോരാട്ടങ്ങളില്‍ കളിക്കാന്‍ അനുവദിക്കുന്നതിനെ കോസ്റ്റിയുക് നേരത്തെ പരസ്യമായി തന്നെ ചോദ്യം ചെയ്തിരുന്നു.
പിന്നാലെയാണ് ഗ്രൗണ്ടില്‍ ഇരു രാജ്യങ്ങളിലേയും താരങ്ങള്‍ എതിരാളിയായി വന്നാല്‍ ഹസ്തദാനം ചെയ്യില്ലെന്ന് തീരുമാനിച്ചത്.താന്‍ ഒരിക്കലും ആരാധകരുടെ ഭാഗത്തു നിന്നു ഇത്തരമൊരു പ്രതികരണമല്ല പ്രതീക്ഷിച്ചതെന്നും അങ്ങേയറ്റം നിരാശയുണ്ടെന്നും താരം വ്യക്തമാക്കി.
അതേസമയം കാണികളുടെ സമീപനത്തെ സബലെന്‍കയും ചോദ്യം ചെയ്തു. കാണികളുടെ പരിഹാസമേറ്റു വാങ്ങിയല്ല അവര്‍ ഗ്രൗണ്ട് വിടേണ്ടതെന്നും ഇത്തരത്തിലല്ല താരങ്ങളെ പരിഗണിക്കേണ്ടതെന്നും സബലെന്‍ക വ്യക്തമാക്കി.
കോസ്റ്റിയുകിന്റെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും യുദ്ധത്തെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും സബെലന്ക പറഞ്ഞു. കോസ്റ്റിയുക് കൈ തരില്ലെന്ന് തീരുമാനിച്ചിരിക്കുന്നത് വ്യക്തിപരമായ വിരോധം കൊണ്ടല്ല.
അവരുടെ നിലപാടിനെ അംഗീകരിക്കുന്നു. യുദ്ധം നിര്‍ത്താന്‍ താന്‍ വിചാരിച്ചാല്‍ സാധിക്കുമെങ്കില്‍ അതിനായി ശ്രമിക്കാമായിരുന്നു. പക്ഷേ ഇതൊന്നും തങ്ങളുടെ കൈകളില്‍ നില്ക്കുന്ന കാര്യങ്ങളല്ലെന്നും അവര്‍ വ്യക്തമാക്കി.