By Shyma Mohan.28 11 2022
അഹമ്മദാബാദ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന് വേദിയാകുക നരേന്ദ്രമോദി സ്റ്റേഡിയം.
2023 ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഐസിസി വേള്‍ഡ് കപ്പിന്റെ ഫൈനല്‍ മത്സരത്തിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം വേദിയായേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദിലെ മൊട്ടേരയില്‍ നിര്‍മ്മിച്ച ഈ സ്റ്റേഡിയത്തിന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പദവിയുണ്ട്. ഐസിസി പുരുഷ ഏകദിന ലോകകപ്പിന്റെ പതിമൂന്നാം പതിപ്പിനാണ് ഇന്ത്യ വേദിയാകുന്നത്. നാലാം തവണയാണ് ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്. കൂടാതെ, ഒരു ലക്ഷത്തിലേറെ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും സ്റ്റേഡിയത്തിനുണ്ട്.
അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച നരേന്ദ്ര മോദി സ്റ്റേഡിയം ഗിന്നസ് ബുക്കില്‍ ഇടം നേടിയതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയം ഒരു ട്വിന്റി20 മത്സരത്തിന് ഏറ്റവും കൂടുതല്‍ കാണികളെ ഉള്‍ക്കൊണ്ട സ്റ്റേഡിയമായി മാറിയിരുന്നു. 2022 ലെ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന് റോയല്‍സും തമ്മിലുള്ള ഐപിഎല്ലിന്റെ ഫൈനല്‍ മത്സരത്തിലാണ് നരേന്ദ്ര മോദി സ്റ്റേഡിയം ഈ നേട്ടം കൈവരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ മോട്ടേര സ്റ്റേഡിയത്തിന്റെ നരേന്ദ്ര മോദി സ്റ്റേഡിയം എന്നാക്കി പുനര്‍നാമകരണം ചെയ്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.