ഇംഗ്ലീഷ് മണ്ണിൽ ചരിത്രമെഴുതി ന്യൂസീലൻഡ്; 22 വർഷത്തിന് ശേഷം ടെസ്റ്റ് പരമ്പര വിജയം

By anilpayyampalli.13 06 2021

imran-azhar

 

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരവിജയിച്ചതിന് ശേഷം കിരീടവുമായി ന്യൂസീലന്റ് ടീം

 

എഡ്ജ്ബാസ്റ്റൺ: 22 വർഷത്തിന് ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര വിജയം ആഘോഷിച്ച് ന്യൂസീലൻഡ്.

 

 

എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകർത്താണ് ന്യൂസീലൻഡ് പരമ്പര സ്വന്തമാക്കിയത്.

 

 


ടെസ്റ്റ് അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെയാണ് ന്യൂസീലൻഡിന്റെ വിജയം. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.

 

 

 

38 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ചരിത്രവിജയത്തിലെത്തി.

 

 

നാലാം ദിവസത്തെ ആദ്യ സെഷനിൽ തന്നെ സന്ദർശകർ ലക്ഷ്യത്തിലെത്തി. അതിനിടയിൽ ഡെവോൺ കോൺവേയുടേയുടേയും വിൽ യങ്ങിന്റേയും വിക്കറ്റുകൾ നഷ്ടപ്പെട്ടു.

 

 

 

പരിക്കേറ്റ കെയ്ൻ വില്ല്യംസണ് പകരം ടീമിനെ നയിച്ച ടോം ലാഥം ബൗണ്ടറിയിലൂടെയാണ് കിവീസിന്റെ വിജയറൺ നേടിയത്. 23 റൺസുമായി ലാഥം പുറത്താകാതെ നിന്നു.

 

 

 

ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 303 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ കിവീസ് 388 റൺസ് അടിച്ചു.

 

 

ഇതോടെ ന്യൂസീലൻഡ് ഒന്നാമിന്നിങ്‌സിൽ നിർണായകമായ 85 റൺസ് ലീഡ് നേടി. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന്റെ ബാറ്റിങ് തകർച്ചയാണ് കണ്ടത്.

 

 

മൂന്നു വീതം വിക്കറ്റെടുത്ത നീൽ വാഗ്‌നറുടേയും മാറ്റ് ഹെൻട്രിയുടേയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്റ് ബോൾട്ടിന്റേയും അജാസ് പട്ടേലിന്റേയും ബൗളിങ് ഇംഗ്ലണ്ടിനെ തകർക്കുകയായിരുന്നു.

 

 


122 റൺസിന് ഓൾഔട്ടായ ആതിഥേയർക്ക് ന്യൂസീലൻഡിന് മുന്നിൽ 38 റൺസിന്റെ വിജയലക്ഷ്യം വെയ്ക്കാനെ കഴിഞ്ഞുള്ളൂ.

 

 

ഇംഗ്ലണ്ടിൽ 18 ടെസ്റ്റ് പരമ്പരകളിൽ ന്യൂസീലന്റിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്.

 

 


ഇതിന് മുമ്പ് 1986-ലും 1999-ലുമാണ് കിവികൾ ഇംഗ്ലീഷ് മണ്ണിൽ പരമ്പര നേടിയത്. ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ന്യൂസീലൻഡിന് ഊർജ്ജം പകരുന്നത് കൂടിയായി ഈ വിജയം.

 

 

2014-ന് ശേഷം സ്വന്തം മണ്ണിൽ ആദ്യമായാണ് ഇംഗ്ലണ്ട് പരമ്പര തോൽക്കുന്നത്. 2014-ൽ ശ്രീലങ്കയ്‌ക്കെതിരേ ആയിരുന്നു തോൽവി.

 

 

 

 

 

 

OTHER SECTIONS