എന്റെ ഒരു ഭാഗം ഫെഡററിനൊപ്പം പോകുന്നു: വികാരാധീനനായി നദാല്‍

By Shyma Mohan.24 09 2022

imran-azhar

 


ലണ്ടന്‍: ഐതിഹാസിക താരം റോജര്‍ ഫെഡററുടെ വിടവാങ്ങലില്‍ വികാരാധീന പ്രതികരണവുമായി കോര്‍ട്ടിലെ ഏറ്റവും മികച്ച എതിരാളിയും കോര്‍ട്ടിന് പുറത്തെ ഏറ്റവും വലിയ സുഹൃത്തുമായ റാഫേല്‍ നദാല്‍. തന്റെ ഒരു പ്രധാന ഭാഗം സ്വിസ് താരത്തിന്റെ വിരമിക്കലോടെ നഷ്ടമാകുകയാണെന്നാണ് നദാലിന്റെ പ്രതികരണം.

 

അമേരിക്കന്‍ ജോഡിയായ ജാക്ക് സോക്ക്-ഫ്രാന്‍സസ് ടിയാഫോയയില്‍ നിന്നേറ്റ തോല്‍വിയിലൂടെ 41കാരനായ ഫെഡററുടെ മിന്നുന്ന കരിയറിന് അന്ത്യം കുറിച്ചതിനാല്‍ വൈകാരികമായി ബുദ്ധിമുട്ടുള്ള രാത്രിയാണെന്ന് നദാല്‍ പ്രതികരിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ കായിക ചരിത്രത്തിലെ ഈ അത്ഭുതകരമായ നിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണ്. അതേസമയം ഒരുപാട് കാര്യങ്ങള്‍ ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് പങ്കിടുന്നുവെന്നും സ്പാനിഷ് താരം പറഞ്ഞു.

 

റോജര്‍ കളം വിടുമ്പോള്‍ എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം കൂടി പോകുകയാണ്. കാരണം എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ അവന്‍ അടുത്തോ, എന്റെ മുന്നിലോ ഉണ്ടായിരുന്നപ്പോഴാണ്. അതുകൊണ്ടാണ് കുടുംബത്തെയും എല്ലാവരെയും കാണുമ്പോള്‍ വികാരഭരിതനാകുന്നത്. വിവരണാതീതമാണത്.

 

ഓരോ വര്‍ഷവും വ്യക്തിബന്ധം വര്‍ദ്ധിച്ചുവരികയാണ്. അവസാനം ഞങ്ങള്‍ മനസ്സിലാക്കി ഞങ്ങള്‍ക്കിടയില്‍ സമാനമായ ഒരുപാട് കാര്യങ്ങളുണ്ട്. ഞങ്ങള്‍ ജീവിതത്തെ സമീപിക്കുന്നത് ഏറെക്കുറെ സമാനമായിട്ടാണെന്നും 22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടുള്ള നദാല്‍ പറഞ്ഞു.

 

24 വര്‍ഷം നീണ്ട ഫെഡററുടെ ഐതിഹാസിക കരിയറിന് വിരാമമിട്ടുള്ള മത്സരശേഷം നദാല്‍ പൊട്ടിക്കരഞ്ഞു. ലണ്ടനിലെ O2 അരീനയില്‍ നടന്ന ഡബിള്‍സില്‍ ടീം യൂറോപ്പിനുവേണ്ടിയായിരുന്നു ഇരു താരങ്ങളും ഒന്നിച്ചത്. ഇരുവരും ഒരുമിച്ചിരുന്ന് കരയുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

20 പ്രധാന സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള ഫെഡറര്‍ നദാലിനെതിരെ 40 തവണയാണ് നേരിട്ടിട്ടുള്ളത്.

OTHER SECTIONS