By Shyma Mohan.30 11 2022
ക്രൈസ്റ്റ് ചര്‍ച്ച്: ടെസ്റ്റ് ക്രിക്കറ്റിലെയും ഏകദിന, ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങളിലെയും പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തില്‍ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത്. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെയോട് സംസാരിക്കവെയാണ് പന്ത് പ്രകോപിതനായത്.
ടെസ്റ്റ് ക്രിക്കറ്റിലെയും ഏകദിന, ട്വന്റി20 ക്രിക്കറ്റിലെയും പന്തിന്റെ ബാറ്റിങ് പ്രകടനങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു ഹര്‍ഷ ഭോഗ്ലെയുടെ ചോദ്യം. മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്സ്മാന് വീരേന്ദ്ര സെവാഗുമായി താരതമ്യം ചെയ്തതും പന്തിനെ ചൊടിപ്പിച്ചു. പന്തിന് പകരം സഞ്ജുവിന് അവസരം നല്‍കണമെന്ന മുറവിളിക്കിടെയാണ് ഭോഗ്ലെയുടെ ചോദ്യം. വൈറ്റ് ബോള്‍ ക്രിക്കറ്റ് റെക്കോര്‍ഡ് അത്ര മോശമല്ലെന്നും റെക്കോര്‍ഡുകള്‍ വെറും അക്കങ്ങളാണെന്നുമായിരുന്നു പന്തിന്റെ മറുപടി. തനിക്കിപ്പോള്‍ 24-25 വയസ്സ് മാത്രമാണ് പ്രായം. നിങ്ങള്‍ക്ക് താരതമ്യം ചെയ്യണമെങ്കില്‍, എനിക്ക് 30-32 വയസ്സാകട്ടെയെന്നും പന്ത് പറഞ്ഞു.