By Shyma Mohan.28 11 2022
അഹമ്മദാബാദ്: ഒരോവറില്‍ ഏഴ് സിക്സ് എന്ന അപൂര്‍വ്വ റെക്കോര്‍ഡിട്ട് ഋതുരാജ് ഗെയ്ക്വാദ്. വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഋതുരാജിന്റെ ലോക റെക്കോര്‍ഡ് പ്രകടനം. ഉത്തര്‍പ്രദേശിനെതിരെയാണ് ശിവ സിംഗിന്റെ ഒരോവറില്‍ ഏഴ് സിക്സറുകളോടെ 43 റണ്‍സ് എന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയത്. മഹാരാഷ്ട്ര നായകന് 159 പന്തില്‍ പുറത്താകാതെ 220 റണ്‍സും നേടി.
മഹാരാഷ്ട്ര ഇന്നിംഗ്സിന്റെ 49ാം ഓവറിലായിരുന്നു ഋതുരാജിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ഓവര്‍ തുടങ്ങുമ്പോള്‍ അഞ്ചു വിക്കറ്റിന് 272 റണ്‍സ് എന്ന നിലയിലായിരുന്നു മഹാരാഷ്ട്ര. ഋതുരാജിന്റെ വ്യക്തിഗത സ്കോര്‍ 165 റണ്‍സും. ഋതുരാജിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ ശിവ സിംഗ് ഒരു നോബോളും എറിഞ്ഞു. ഫ്രീ ഹിറ്റും വര കടത്തിക്കൊണ്ടായിരുന്നു ഋതുരാജ് മറുപടി നല്‍കിയത്. ഓവര്‍ അവസാനിച്ചപ്പോള്‍ മഹാരാഷ്ട്രയുടെ സ്കോര്‍ 315 റണ്‍സ്. ഋതുരാജിന്റെ വ്യക്തിഗത സ്കോര്‍ 207 റണ്‍സും.
2013ല്‍ ധാക്ക പ്രീമിയര്‍ ഡിവിഷന് മത്സരത്തില്‍ ഒരോവറില്‍ സിംബാബ് വെയുടെ എല്‍ട്ടന്‍ ചിഗുംബുര നേടിയ 39 റണ്‍സ് ഇതോടെ പഴങ്കഥയായി മാറി. നേരത്തെ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായ യുവ്രാജ് സിംഗാണ് ആദ്യമായി ഒരോവറിലെ ആറ് പന്തും സിക്സര്‍ പറത്തി റെക്കോര്‍ഡിട്ടത്. 2007ലെ ട്വിന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു യുവിയുടെ വെടിക്കെട്ട് പ്രകടനം.