By Ameena Shirin s.23 06 2022
സെനഗൾ മുന്നേറ്റ താരം സാദിയോ മാനെ ലിവർപൂൾ വിട്ടു. 6 വർഷം നീണ്ട കരിയറിനൊടുവിലാണ് താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വിട്ടത്. വിവരം മാനെ തന്നെ തന്റെ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു.
41 മില്ല്യൺ യൂറോ ട്രാൻസ്ഫർ തുക നൽകിയാണ് മാനെയെ ബയേൺ സ്വന്തമാക്കിയത്. 2025 വരെ താരം ബയേണിൽ തുടരും. 2016 മുതൽ ലിവർപൂളിനൊപ്പമുള്ള മാനെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സല, ബ്രസീൽ താരം റോബർട്ടോ ഫിർമിനോ എന്നിവർക്കൊപ്പം മുന്നേറ്റത്തിലെ സുപ്രധാന കണ്ണിയായിരുന്നു.
ലിവർപൂളിനായി 296 മത്സരങ്ങൾ കളിച്ച മാനെ ടീമിനായി 120 ഗോളുകളും 48 അസിസ്റ്റുകളും നേടി. പ്രീമിയർ ലീഗ് കിരീടങ്ങളടക്കം ആറ് കിരീട നേട്ടങ്ങളിലും മാനെ പങ്കാളിയായി.
ബയേൺ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ഇക്കുറി ക്ലബ് വിടുമെന്നാണ് റിപ്പോർട്ടുകൾ. ലെവൻഡോവ്സ്കി സ്പാനിഷ് ക്ലബ് ബാഴ്സയിലെത്തുമെന്നാണ് സൂചന. ലെവൻഡോവ്സ്കിക്ക് പകരക്കാരനായാണ് മാനെ എത്തുന്നതെന്നും സൂചനയുണ്ട്.