By Shyma Mohan.08 11 2022
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് ലോകത്തിന്റെ താരറാണി സാനിയ മിര്‍സയും പാകിസ്ഥാന് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും തമ്മില്‍ എന്താണ് പ്രശ്നം? അടുത്തിടെ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റോടെയാണ് ദമ്പതികള്‍ വേര്‍പിരിയലിന്റെ വക്കിലെന്ന അഭ്യൂഹങ്ങള്ക്കിടയാക്കിയിരിക്കുന്നത്.
ഒരു ടെലിവിഷന്‍ ഷോയില്‍ ഷുഹൈബ് മാലിക് സാനിയ മിര്‍സയുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്കിയ മറുപടിയും ചര്‍ച്ചയായി. പാകിസ്താനിലെ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ ആണ് ആസ്ക് ദി പവലിയന്. സാനിയ മിര്‍സയുടെ ടെന്നീസ് അക്കാദമികളെക്കുറിച്ച് ഷുഹൈബ് മാലിക്കിനോട് ഷോയില്‍ ചോദ്യം ഉയര്‍ന്നു. ഇതുസംബന്ധിച്ച് എനിക്ക് അറിയില്ല എന്നായിരുന്നു ഷുഹൈബിന്റെ മറുപടി.
ഇരുവരും വിവാഹ ബന്ധം ഒഴിയാന്‍ പോകുന്നു എന്നാണ് പാകിസ്താന് മാധ്യമങ്ങളിലെ വാര്‍ത്തകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സാനിയയോ, ഷുഹൈബ് മാലിക്കോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2010ലാണ് സാനിയ മിര്‍സയും ഷുഹൈബ് മാലിക്കും വിവാഹിതരായത്. 2018ല്‍ ഇവര്‍ക്ക് മകന് ജനിച്ചു. ഇഷാന് മിര്‍സയുടെ നാലാം ജന്മദിനം അടുത്തിടെ ഇരുവരും ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഷുഹൈബ് മാലിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചെങ്കിലും സാനിയ പങ്കുവച്ചില്ല. കഴിഞ്ഞ ദിവസം മകനൊപ്പമുള്ള മറ്റൊരു ചിത്രം സാനിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും മകന് വേണ്ടി മാത്രം ഒരുമിച്ച് പരിപാടി സംഘടിപ്പിച്ചതാണ് എന്നാണ് മറ്റൊരു പ്രചാരണം.
മാനസികമായി തളര്‍ന്നിരിക്കുന്നു. ഇനി ദൈവത്തില്‍ അഭയം തേടലാണ് ആശ്വാസമെന്നും ഏറ്റവും നല്ല ദിശയിലേക്ക് അവന് നയിക്കുമെന്നും സാനിയ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തതോടെയാണ് താരദമ്പതികളുടെ വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്.