By Shyma Mohan.26 11 2022
ദോഹ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആഭ്യന്തര ലീഗിലേക്ക് വരികയാണെങ്കില്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് സൗദി. സൂപ്പര്‍ താരം സൗദിയില്‍ കളിക്കുന്നത് കാണാന്‍ കൊതിക്കുന്നതായി കായിക മന്ത്രി അബ്ദുല്‍ അസീസ് ഇബ്നു തുര്‍ക്കി അല്‍ ഫൈസല്‍.
യുണൈറ്റഡ് വിട്ടതിന് പിന്നാലെ ഇതിഹാസ താരം എവിടെ ചേക്കേറുമെന്ന ആകാംക്ഷ വാനോളമുയരുന്നതിനിടെയാണ് സൗദി കായിക മന്ത്രിയുടെ പ്രതികരണം. സൗദിയുടെ ആഭ്യന്തര ലീഗില്‍ ക്രിസ്റ്റ്യാനോ പന്ത് തട്ടുന്നത് കാണാന്‍ കൊതിക്കുന്നവര്‍ ഏറെയുണ്ട്. സിആര്‍ സെവന് മനംകവരും ഓഫര്‍ അല്‍ഹിലാല്‍ ക്ലബ് നല്‍കിയെങ്കിലും റൊണാള്‍ഡോ നിരസിച്ചിരുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ രണ്ടാം ഇന്നിംഗ്സിന് ഖത്തര്‍ ലോകകപ്പിനിടെ നാടകീയാന്ത്യമായിരുന്നു. നിലവിലെ കരാര്‍ റദ്ദാക്കാനാണ് താരവും ക്ലബും തമ്മില്‍ ധാരണയിലെത്തിയത്. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്. പിയേഴ്സ് മോര്‍ഗനുമായുള്ള വിവാദ അഭിമുഖത്തിന് പിന്നാലെയാണ് ഇതിഹാസ താരം യുണൈറ്റഡ് വിട്ടത്.