ക്യാച്ച് എടുക്കുന്നതിനിടെ ശ്രീലങ്കന്‍ സൂപ്പര്‍ താരത്തിന്റെ നാല് പല്ലുകള്‍ തെറിച്ചു

By Shyma Mohan.08 12 2022

imran-azhar

 


കൊളംബോ: കായിക രംഗത്ത് പരിക്കുകള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ഫുട്‌ബോളിലായാലും ക്രിക്കറ്റിലായാലും ഏത് കായിക മത്സരങ്ങളിലും താരങ്ങള്‍ക്ക് പരിക്കേല്‍ക്കാറുണ്ട്.

 

ക്രിക്കറ്റില്‍ പന്ത് കഴുത്തിന് പിന്നില്‍ തട്ടി ജീവന്‍ പൊലിഞ്ഞ ഫിലിപ്പ് ഹ്യൂസിനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരമായിരുന്ന മാര്‍ക്ക് ബൗച്ചറിന്റെ കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകുകകയും അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതം അകാലത്തില്‍ അവസാനിക്കുന്നതിനും ഇടയാക്കിയിരുന്നു.

 

കഴിഞ്ഞ ദിവസം അത്തരം ഒരു സംഭവം ലങ്കന്‍ പ്രീമിയര്‍ ലീഗിലും സംഭവിച്ചു. ശ്രീലങ്കയുടെ ചാമിക കരുണരത്‌നെയ്ക്കാണ് വിചിത്രമായ രീതിയില്‍ പരിക്കേറ്റത്. കാന്‍ഡി ഫാല്‍ക്കണ്‍സും ഗാലെ ഗ്ലാഡിയേറ്റേഴ്‌സും തമ്മിലുള്ള മത്സരത്തിനിടയിലായിരുന്നു പരിക്ക്. ഫാല്‍ക്കണ്‍സിന് വേണ്ടി ചാമിക ക്യാച്ചെടുത്തതാണ് പരിക്കിലേക്ക് നയിച്ചത്. നാലു പല്ലുകളാണ് നഷ്ടമായത്.

 

ഓഫ് സൈഡില്‍ സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു താരം. ക്യാച്ച് എടുക്കാന്‍ ഓടുന്നതിനിടയില്‍ പന്ത് ശരിയായി വിലയിരുത്താന്‍ കരുണരത്‌നെയ്ക്ക് കഴിഞ്ഞില്ല. പന്ത് കൈക്കലാക്കുന്നതിന് മുന്‍പ് താരത്തിന്റെ മുഖത്ത് പന്ത് ആഞ്ഞുപതിക്കുകയായിരുന്നു. എന്നാല്‍ കടുത്ത വേദന അവഗണിച്ചും താരം ആ ക്യാച്ച് വിജയകരമായി കൈക്കലാക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് നാല് പല്ലുകള്‍ നഷ്ടമായ വിവരം മറ്റ് ടീമംഗങ്ങള്‍ അറിഞ്ഞത്. ചാമികയെ ഉടന്‍ തന്നെ ഗാലെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരത്തില്‍ ഫാല്‍ക്കണ്‍സ് അഞ്ച് വിക്കറ്റിന് വിജയിച്ചു.

OTHER SECTIONS