ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ; പാകിസ്ഥാനെതിരായ ടെസ്റ്റിന് തലേന്ന്

By Shyma Mohan.30 11 2022

imran-azhar

 

ഇസ്ലാമാബാദ്: പാകിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ ആദ്യ ടെസ്റ്റ് നടക്കാനിരിക്കെ മത്സരത്തലേന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് വയറുവേദന. പാകിസ്ഥാന്‍ പര്യടനത്തില്‍ സ്വന്തമായി ഷെഫിനെ കൊണ്ടുവന്നിട്ടും താരങ്ങള്‍ക്ക് ഭക്ഷണത്തെ തുടര്‍ന്ന് ശാരീരീകാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

 

സ്റ്റോക്‌സിന് സുഖം പ്രാപിക്കാത്തതിനാല്‍ സീരീസ് ട്രോഫി അനാഛാദനം മാറ്റിവെച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഉള്‍പ്പെടെ നിരവധി കളിക്കാര്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും സുഖമില്ലെന്നും വിശ്രമിക്കാന്‍ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. വൈറല്‍ ഭക്ഷ്യവിഷബാധയാണ് താരങ്ങള്‍ അനുഭവിക്കുന്നതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

16 പേരടങ്ങുന്ന പ്ലേയിംഗ് സ്‌ക്വാഡില്‍ പകുതിയോളം പേര്‍ക്കാണ് ശാരീരീകാസ്വസ്ഥ്യം അനുഭവപ്പെടുന്നത്. അഞ്ചുപേര്‍ മാത്രമാണ് പരിശീലന സെഷനില്‍ പങ്കെടുത്തത്. കോച്ചുമാരും മറ്റ് സ്റ്റാഫും ഉള്‍പ്പെടെ 14ഓളം വരുന്ന സംഘത്തോട് ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ദ്ദേശിച്ചു. ജോ റൂട്ട്, സാക്ക് ക്രാളി, ഹാരി ബ്രൂക്ക്, ഒല്ലി പോപ്പ്, കീറ്റണ്‍ ജെന്നിംഗ്‌സ് എന്നിവര്‍ മാത്രമാണ് ബുധനാഴ്ച പരിശീലനത്തിനെത്തിയത്. മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവും പങ്കെടുത്തു.

 

ട്വിന്റി20 പരമ്പരക്കിടെ ഭക്ഷണത്തിലെ പ്രശ്‌നങ്ങളും കളിക്കാര്‍ക്ക് അസുഖം വന്നതും ഒമര്‍ മെസിയാന്‍ എന്ന ഷെഫിനെ കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. 2018 റഷ്യ ലോകകപ്പിലും 2020 യൂറോയിലും ഇംഗ്ലണ്ട് പുരുഷ ഫുട്‌ബോള്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചയാളാണ് ഒമര്‍ മെസിയാന്‍.

 

അതേസമയം വൈറസ് ബാധ ടെസ്റ്റിനുള്ള ടീമില്‍ അഴിച്ചുപണി നടത്താന്‍ ഇംഗ്ലണ്ടിനെ നിര്‍ബന്ധിതമാക്കും. ലങ്കാഷെയര്‍ ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ വ്യാഴാഴ്ച ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. അതേസമയം ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ ആറ് വര്‍ഷത്തിനിടയിലെ തന്റെ ആദ്യ ടെസ്റ്റിനായി തിരിച്ചുവിളിച്ചു. 17 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ടെസ്റ്റ് കളിക്കാനായി പാക് മണ്ണില്‍ കാലുകുത്തുന്നത്.

 

OTHER SECTIONS