By Shyma Mohan.31 10 2022
ദോഹ: ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഫൈനലില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍ എന്ന് പ്രവചനം. സൂപ്പര്‍ കമ്പ്യൂട്ടറാണ് മെസി-റൊണാള്‍ഡോ കിരീട പോരാട്ടം പ്രവചിച്ചിരിക്കുന്നത്. നവംബര്‍ 20നാണ് ഫിഫ ലോകകപ്പിന് തുടക്കമാവുക. ഡിസംബര്‍ 18നാണ് ഫൈനല്‍. അല്‍ ബയത് സ്റ്റേഡിയത്തിലാണ് ഫിഫ ലോകകപ്പിന്റെ കിക്കോഫ്.
ഫൈനലില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഏറ്റുമുട്ടും. പോര്‍ച്ചുഗലിനെ തോല്പിച്ച് മെസി ലോകകപ്പ് നേടുമെന്നും സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവചിക്കുന്നു. ഇ എ സ്പോര്‍ട്സ്, ഫിഫ ഗെയിം പ്ലേയര്‍ സ്റ്റാറ്റിക്സും കഴിഞ്ഞ നാല് ലോകകപ്പുകളിലെ മത്സരങ്ങളും വിലയിരുത്തിയാണ് സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പ്രവചനം.
ഇംഗ്ലണ്ട് ഇത്തവണയും സെമിയില്‍ പുറത്താവുമെന്ന് പ്രവചിച്ചിട്ടുണ്ട്. പോര്‍ച്ചുഗല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ തോല്പിക്കും. ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാന്, വെയ്ല്‍സ്, അമേരിക്ക എന്നിവരെ തോല്പിക്കും. പ്രീക്വാര്‍ട്ടറില്‍ സെനഗലിനെയും ക്വാര്‍ട്ടറില്‍ മെക്സിക്കോയെയും തോല്പിച്ചാണ് ഇംഗ്ലണ്ട് സെമിയിലെത്തുക. അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ തോല്പിക്കുമെന്നും സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവചിക്കുന്നു.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും അഞ്ചുവട്ടം കിരീടം നേടിയ ബ്രസീലും ലയണല്‍ മെസിയുടെ അര്‍ജന്റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലുമെല്ലാം ഫേവറൈറ്റുകളാണ് എന്നാണ് വിലയിരുത്തല്‍. നാല് ടീമുകള്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും.