By Shyma Mohan.06 12 2022
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന കാഴ്ചപരിമിതരുടെ ലോകകപ്പ് മൂന്നാം പതിപ്പ് പാകിസ്ഥാന് നഷ്ടമാകുന്നു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസം പാകിസ്ഥാന് ദക്ഷിണാഫ്രിക്കയെ നേരിടാനിരുന്നെങ്കിലും വിസ പ്രശ്നങ്ങള്‍ മൂലം പാകിസ്ഥാന് ടീമിന് എത്താന്‍ കഴിഞ്ഞില്ല. ഡിസംബര്‍ 7നാണ് ഇന്ത്യയും പാകിസ്ഥാനുമായുള്ള മത്സരം.
ഇന്ത്യ ടീമിന് വിസ നിഷേധിച്ചതോടെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്ത കാര്യം നിരാശയോടെ അറിയിക്കാന്‍ ആഗ്രഹിക്കുന്നതായി പാകിസ്ഥാന് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു.
കാഴ്ചപരിമിതരുടെ ട്വിന്റി20 ലോകകപ്പിന്റെ 2012, 2017 പതിപ്പുകളില്‍ പാക് ടീം റണ്ണറപ്പായതിനെ ചൂണ്ടിക്കാണിച്ച് ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണമെന്റ് വിജയിക്കാന്‍ പാകിസ്ഥാന് അവസരമുണ്ടായിരുന്നെന്നും ക്രിക്കറ്റ് കൗണ്‍സില്‍ അവകാശപ്പെട്ടു.
കാഴ്ചപരിമിതരുടെ ട്വിന്റി20 ക്രിക്കറ്റ് ലോകകപ്പ് ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 17 വരെയാണ് നടക്കുന്നത്. കൊച്ചി, ഡല്‍ഹി, മുംബൈ, ഇന്‍ഡോര്‍ തുടങ്ങിയ വേദികളിലായി നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന് ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളാണ് പങ്കെടുക്കാനിരുന്നത്. കൊച്ചിയില്‍ 11ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും.