അവസരങ്ങള്‍ പാഴാക്കി കൊറിയയും യുറുഗ്വായും: ഗോള്‍രഹിത സമനില

By Shyma Mohan.24 11 2022

imran-azhar

 

ദോഹ: പേരുകേട്ട യുറുഗ്വാ നിരയെ സമനിലയില്‍ തളച്ച് ഏഷ്യന്‍ കരുത്തര്‍. ഇരുടീമുകളും ആക്രമിച്ചു കളിച്ച ആവേശകരമായ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഏഷ്യന്‍ കരുത്തറിയിച്ച മത്സരമായിരുന്നു ദക്ഷിണ കൊറിയ - യുറുഗ്വായ് മത്സരം. അതിവേഗ നീക്കങ്ങളില്‍ പന്തില്‍ ആധിപത്യം കൊറിയക്കായിരുന്നു.

 

90ാം മിനിറ്റില്‍ ഗോള്‍ വല ലക്ഷ്യമാക്കി യുറുഗ്വായ് അടിച്ച ഷോട്ട് നിര്‍ഭാഗ്യം ഒന്നുകൊണ്ടുമാത്രം ബാറില്‍ തട്ടിത്തെറിച്ചു. തിരിച്ച് 89ാം മിനിറ്റില്‍ ജപ്പാനും നിര്‍ഭാഗ്യം നേരിട്ടു. യുറുഗ്വായ് പോസ്റ്റിന് സമീപത്തുകൂടി പന്ത് പുറത്തേക്ക്. അവസരങ്ങള്‍ പുറത്തേക്കടിച്ച് പാഴാക്കുന്നതില്‍ ഇരുകൂട്ടരും മത്സരിച്ച മത്സരത്തിനായിരുന്നു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അമിത വേഗത്തിലുള്ള നീക്കങ്ങള്‍ ഷോട്ടുകള്‍ ഗതി മാറി പറക്കാന്‍ കാരണമായി.

 

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ യുറുഗ്വായെ ഞെട്ടിച്ചുകൊണ്ട് ദക്ഷിണ കൊറിയയാണ് ആധിപത്യം പുലര്‍ത്തിച്ചത്. ആദ്യ പത്തുമിനിറ്റില്‍ യുറുഗ്വായ് കളത്തില്‍ പോലും ഉണ്ടായിരുന്നു. എന്നാല്‍ പതിയെ യുറുഗ്വായ് മത്സരത്തിലേക്ക് തിരിച്ചുവന്നു. യുറുഗ്വായ് താരം ഡാര്‍വിന്‍ നുനെസ് ദക്ഷിണ കൊറിയന്‍ ബോക്‌സിനുള്ളില്‍ വെസിനോയ്ക്ക് പാസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും കൊറിയന്‍ ഗോളി സ്യുങ് ഗ്യൂ തടഞ്ഞിട്ടു. 33ാം മിനിറ്റില്‍ യുറുഗ്വായ് ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന് കൊറിയയുടെ ഹ്വാങ് ഉയ്‌ജോയ്ക്ക് ലഭിച്ച പാസ് പുറത്തേക്കടിച്ച് പാഴാക്കി. 43ാം മിനിറ്റില്‍ യുറുഗ്വായ് താരം വാല്‍വെര്‍ദെയുടെ കോര്‍ണര്‍ കിക്കില്‍ ഡിഗോ ഗോഡിന്റെ ശ്രമിം കൊറിയന്‍ പോസ്റ്റില്‍ തട്ടി പുറത്തായി.

 

രണ്ടാം പകുതിയില്‍ കൊറിയ ആക്രമണ ഫുട്‌ബോളാണ് കളിച്ചത്. ആക്രമണവും പ്രത്യാക്രമണവും ഇരുടീമുകളും കളം നിറഞ്ഞുകളിച്ചു. 64ാം മിനിറ്റില്‍ ലൂയി സുവാരസിന് പകരം സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനിയെത്തി. 81ാം മിനിറ്റില്‍ കവാനി തുടങ്ങിവെച്ച മുന്നേറ്റം ഗോളില്‍ അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും ഗോള്‍ വല കുലുക്കാനായില്ല. കവാനി നൂനെസിന് പന്ത് കൈമാറിയെങ്കിലും പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 90ാം മിനിറ്റില്‍ വാല്‍വെര്‍ദെയുടെ തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ കൊറിയന്‍ പോസ്റ്റിലിടിച്ച് തെറിച്ചു. അതേ മിനിറ്റില്‍ കൊറിയയുടെ സണ്‍ഹ്യൂങ് മിന്നിന്റെ ലോംഗ് റേഞ്ചര്‍ പോസ്റ്റിന് സമീപത്തുകൂടി പുറത്തേക്കുപോയി.

 

 

 

OTHER SECTIONS