ഉറുഗ്വെന്‍ തിരിച്ചു വരവിന് ഗോളൊരുക്കാന്‍ വാല്‍വെര്‍ദെ

By santhisenanhs.26 09 2022

imran-azhar

 

ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോളിന്റെ പുതിയ മുഖമാണ് ഫെഡറിക്കോ വാല്‍വെര്‍ദെ. ക്ലബ്ബ് തലത്തിലെ മികവേറിയ പ്രകടനങ്ങളോടെ യൂറോപ്പും കീഴടക്കിയിരിക്കുകയാണ് 24കാരനായ ഈ ഉറുഗ്വേന്‍ താരം. ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളില്‍ പ്രധാനി. ഉറുഗ്വെന്‍ കിരീട സ്വപ്‌നങ്ങള്‍ക്ക് മധ്യനിരയില്‍ കരുത്തേകാന്‍ ഖത്തറില്‍ റയലിന്റെ ഈ 15ാം നമ്പറും ഉണ്ടാകും. മിന്നും പ്രകടനങ്ങളോടെ റയല്‍ പരിശീലകന്‍ ആഞ്ചലോട്ടിയുടെ ഇഷ്ടതാരാണ് വാല്‍വെര്‍ദെ.

 

1998 ജൂലൈ 22ന് ഉറുഗ്വെന്‍ തലസ്ഥാനമായ മോണ്ടെവീഡിയോയിലാണ് ഫെഡറിക്കോ സാന്റിയാഗോ വാല്‍വെര്‍ദെ ഡിപെറ്റയുടെ ജനനം. 2012-13 കാലയളവില്‍ 15 വയസ്സില്‍ താഴെയുളളവരുടെ ടീമിലൂടെയാണ് ദേശീയ ഫുട്‌ബോള്‍ കരിയറിന്റെ തുടക്കം. 25 മത്സരങ്ങള്‍ കളിച്ച താരം, ഏഴ് ഗോളുകള്‍ നേടി. തുടര്‍ന്ന് അണ്ടര്‍ 17, അണ്ടര്‍ 18, അണ്ടര്‍ 20 ടീമുകള്‍ക്കായും വാര്‍വെര്‍ദെ ബൂട്ടണിഞ്ഞു. 2017ല്‍ ഉറുഗ്വെന്‍ സീനിയര്‍ ടീമിലെത്തിയ താരം 43 മത്സരങ്ങളില്‍ കളിച്ചു. നാല് ഗോളും വാല്‍വെര്‍ദെ സ്വന്തമാക്കി.

 

മധ്യ നിരയിലെ മായാജാലത്തിലൂടെ സിനദിന്‍ സിദാന്റെ പരിശീലന കാലയളവില്‍ റയല്‍ മാഡ്രിഡിന്റെ അഭിവാജ്യ ഘടകമായി മാറാന്‍ വാല്‍വെര്‍ദെക്കായി. മധ്യ നിരക്ക് പുറമെ റൈറ്റ് ബാക്കായും,ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായും വലതു വിങ്ങറായും കളിക്കുവാന്‍ അനുയോജ്യനാണ് താരം. ആക്രമണത്തോടോപ്പം ക്യത്യമായി പ്രതിരോധത്തിനും പ്രാധാന്യം നല്‍കുന്നതാണ് വാല്‍വെര്‍ദെയുടെ ശൈലി. വേഗമേറിയ നീക്കങ്ങളും മധ്യനിരയില്‍ പന്ത് നിയന്ത്രിച്ച് ഗോള്‍ അവസരങ്ങള്‍ സ്യഷ്ടിക്കുന്നതും താരത്തിന്റെ സവിശേഷതയാണ്.

 

എസ്റ്റുഡിയാന്റസ് ഡി ലാ യൂണിയന്റെ യൂത്ത് ടീമിലൂടെ 2001ലാണ് ഫുട്‌ബോള്‍ കരിയറിന്റെ തുടക്കം. 2015-16 കാലയളവില്‍ പെനറോളേയിലൂടെ സീനിയര്‍ ടീമിനായി കളിക്കാന്‍ ആരംഭിച്ച വാല്‍വെര്‍ദെ ക്ലബ്ബിനായി 12 മത്സരങ്ങളില്‍ കളിച്ചു. 2016ല്‍ റയല്‍ മാഡ്രിഡ് ബി ടീമിലെത്തിയ താരം 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും സ്വന്തമാക്കി. 2017 മുതല്‍ മാഡ്രിഡിന്റെ സീനിയര്‍ ടീമിനായി കളിക്കുന്ന വാല്‍വെര്‍ദെ 110 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. എട്ട് തവണ വല കുലുക്കാനും ഉറുഗ്വേന്‍ താരത്തിനായി.

OTHER SECTIONS