അത്ര മോശമല്ല സഞ്ജുവിന്റെ കരിയര്‍ ഗ്രാഫ്, എന്നിട്ടും പുറത്ത്! കാരണം?

By Hiba.22 09 2023

imran-azhar

 

 


It is what it is, I choose to keep moving forward... അതങ്ങനെയാണ്, മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം... സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതാണിത്! സഞ്ജുവിനെ ബോധപൂര്‍വ്വം തഴയുകയാണോ എന്ന ആശങ്ക പൊതുവെയുണ്ട്. ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ടീമില്‍ നിന്ന് സഞ്ജു 'ഔട്ട്' ആയതോടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ആശങ്ക, പ്രതിഷേധമായി ഉയര്‍ന്നു. പിന്നാലെയാണ് മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന കുറിപ്പുമായി സഞ്ജു നയം വ്യക്താക്കിയത്.

 

'ഹാര്‍ഡ്‌കോര്‍' ആരാധകര്‍ മാത്രമല്ല, മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചു. ഇര്‍ഫാന്‍ പത്താനും റോബിന്‍ ഉത്തപ്പയും സഞ്ജുവിനെ ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന മത്സര ടീമില്‍ ഉള്‍പ്പെടുത്താത്ത നടപടിയെ ചോദ്യം ചെയ്ത് രംഗത്തുവന്നു. സഞ്ജുവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ചിലപ്പോള്‍ വളരെ നിരാശ തോന്നിയേനെ എന്നായിരുന്നു ഇര്‍ഫാന്റെ പ്രതികരണം. സഞ്ജു ടീമില്‍ ഇല്ലാത്തത് നിരാശാജനകമാണെന്ന് റോബിന്‍ ഉത്തപ്പയും എക്‌സില്‍ കുറിച്ചു.

 

ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന മത്സരത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ ശേഷം പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്തിരുന്നു. എന്നിട്ടും സഞ്ജുവിന് ടീമില്‍ ഇടംകിട്ടിയില്ല. ഏകദിന റെക്കോര്‍ഡുകള്‍ സഞ്ജുവിന്റെ പേരിലുണ്ടെങ്കിലും എന്തുകൊണ്ടാണ് സഞ്ജുവിനെ പരിഗണിക്കാത്തതെന്ന് ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല.

 

ഒരു ഏകദിന മത്സരം മാത്രം കളിച്ച തിലക് വര്‍മ്മ ടീമിലുണ്ട്. രണ്ടു ഏകദിനങ്ങളില്‍ നിന്നായി 27 റണ്‍സ് മാത്രം നേടിയ റിതുരാജ് ഗേയ്ക്ക് വാദും ഒപ്പം സൂര്യകാന്ത് യാദവും ടീമിലുണ്ട്.

 

അത്ര മോശം കരിയര്‍ ഗ്രോഫൊന്നുമില്ല, സഞ്ജുവിന്റേത്. 12 ഇന്നിങ്സില്‍ നിന്ന് സഞ്ജു, ഏകദിന ക്രിക്കറ്റില്‍ 390 റണ്‍സാണ് നേടിയിട്ടുള്ളത്. താരത്തിന്റെ ബാറ്റിംഗ് ആവറേജ് 55.7, സ്ട്രൈക് റേറ്റ് 104 എന്നിങ്ങനെയാണ്. കൂടാതെ 3 അര്‍ദ്ധ ശതകങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. എന്നിട്ടും സഞ്ജു പുറത്ത്!

 

ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ സഞ്ജുവിനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായി. തുടര്‍ന്ന് സെലക്ഷനെ ന്യായീകരിച്ച് സീനിയര്‍ താരം ആര്‍. അശ്വിന്‍ രംഗത്ത് വന്നിരുന്നു. ഇത് സഞ്ജുവും ഇഷാനും തമ്മിലുള്ള മത്സരമല്ല. ഏതൊരു ടീമിലും ബാക്ക് അപ്പ് വിക്കറ്റ് കീപ്പറുണ്ടാകും. അതിപ്പോള്‍ രഞ്ജി ട്രോഫിക്ക് തിരഞ്ഞെടുക്കുന്ന 15 അംഗ ടീമില്‍ പോലും ബാക്ക് അപ്പ് വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്താറുണ്ട്.

 

അതുകൊണ്ട്, സെലക്ടര്‍മാര്‍ ലോകകപ്പ് ടീമില്‍ ഇഷാന്‍ കിഷനെ ബാക്ക് അപ്പ് കീപ്പറായി ഉള്‍പ്പെടുത്തിയത് ശരിയായ തീരുമാനമാണ്. കാരണം ഇഷാന്‍ കിഷന്‍ ടു-ഇന്‍-വണ്‍ പ്ലേയറാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററെന്നതിനൊപ്പം തന്നെ ബാക്ക് അപ്പ് ഓപ്പണറായും കിഷനെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കാം.

 

ഒപ്പം മധ്യനിരയിലും കിഷന് ബാറ്റ് ചെയ്യാനാവും. മധ്യനിരയില്‍ ബാറ്റ് ചെയ്യാനാവില്ലെന്ന ധാരണ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അഞ്ചാം നമ്പറിലിറങ്ങി അര്‍ദ്ധ സെഞ്ച്വറി നേടി കിഷന്‍ തിരുത്തുകയും ചെയ്തു.

 

മാത്രമല്ല, കിഷനെ ഉള്‍പ്പെടുത്തിയതോടെ മധ്യനിരയില്‍ ഇന്ത്യക്ക് രണ്ട് ഇടംകൈയന്‍ ബാറ്റര്‍മാരെ ലഭിക്കുകയും ചെയ്തു-അശ്വിന്‍ പറഞ്ഞു.

 

പരാജയങ്ങളെ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയായി കണ്ട്, കഠിനാദ്ധ്വാനത്തിലൂടെ ദേശീയ ടീമില്‍ എത്തിയ താരമാണ് സഞ്ജു. സഞ്ജുവിന്റെ വാക്കുകള്‍ കടമെടുത്താല്‍: മുന്നോട്ടുപോകാന്‍ തന്നെയാവണം തീരുമാനം!

 

 

OTHER SECTIONS