ഇസ്രായേലി ക്ലബ് മക്കാബിയെ നേരിടാന്‍ മെസ്സിയും സംഘവും ഇന്നിറങ്ങും

By priya.14 09 2022

imran-azhar

 

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ്, പിഎസ്ജി, യുവന്റസ്, ചെല്‍സി തുടങ്ങിയ പ്രധാനപ്പെട്ട ടീമുകള്‍ രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ജര്‍മ്മന്‍ ക്ലബ് ആര്‍ ബി ലൈപ്സിഷിനെ നേരിടും. റയലിന്റെ മൈതാനത്ത് രാത്രി 12:30 നാണ് കളി.പരിക്കേറ്റ കരീം ബെന്‍സേമയുടെ അഭാവത്തില്‍ ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരിലാണ് റയലിന്റെ പ്രതീക്ഷ.

 

മധ്യനിരയില്‍ മോഡ്രിച്ച്, ചുവാമെനി, ക്രൂസ് ത്രയത്തിന്റെ പ്രകടനവും നിര്‍ണായകമാവും. ഷക്താറിനോട് തോറ്റ ലൈപ്സിഷിന് ഇനിയൊരു തിരിച്ചടികൂടി താങ്ങാനാവില്ല. ജയിച്ച് തുടങ്ങിയ പി എസ് ജിയെ തടയുകയാണ് മക്കാബി ഹൈഫയുടെ വെല്ലുവിളി. ലിയോണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പേ എന്നിവര്‍ ആക്രമിക്കുമ്പോള്‍ മക്കാബി ഗോള്‍കീര്‍പ്പര്‍ വിയര്‍ക്കും.


പുതിയ കോച്ച് ഗ്രഹാം പോട്ടറിന് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങുകയാണ് ചെല്‍സി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഓസ്ട്രിയന്‍ ക്ലബ് ആര്‍ ബി സാല്‍സ്ബര്‍ഗിനെയാണ് ടീം നേരിടുന്നത്. ഡൈനമോ സാഗ്രബിനോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചെല്‍സി കോച്ച് തോമസ് ടുഷേലിനെ പുറത്താക്കിയത്. ഡൈനമോ സാഗ്രബ് രണ്ടാം റൗണ്ടില്‍ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ എ സി മിലാനുമായി ഏറ്റുമുട്ടും.


തോറ്റ് തുടങ്ങിയ യുവന്റസിന്റെ എതിരാളികള്‍ ബെന്‍ഫിക്ക. പി എസ് ജിയോട് കീഴടങ്ങിയ യുവന്റസിന്റെ ലക്ഷ്യം വലിയ മാര്‍ജിനിലെ ജയം. ഷക്താര്‍ ഡോണിയസ്‌കിന് സെല്‍റ്റിക്കും ലിവര്‍പൂളിനെ തകര്‍ത്ത നാപ്പോളിക്ക് റേഞ്ചേഴ്സും സെവിയക്ക് എഫ് സി കോപ്പന്‍ ഹേഗനുമാണ് എതിരാളികള്‍.

 

 

OTHER SECTIONS