By Web Desk.05 08 2022
ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളി താരം എം. ശ്രീശങ്കറിന് ചരിത്ര നേട്ടവുമായി ലോങ്ജംപില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ ഇന്ത്യക്ക് ആദ്യ മെഡലാണിത്.
8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി നേടിയത്. ലോങ്ജംപില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലില്‍ മത്സരിച്ചിരുന്നു. 7.97 ദൂരം ചാടി മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത്തായി. ആറാം ശ്രമത്തിലാണ് അനീസ് മികച്ച ദൂരം കണ്ടെത്തിയത്.
ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ശ്രീശങ്കറിന്റേത്. നേരത്തെ ഹൈജംപില്‍ തേജസ്വിന് ശങ്കര്‍ വെങ്കലം നേടിയിരുന്നു.
പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കര്‍ മുന്‍ ഇന്ത്യന്‍ അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്.