പത്ത് റൺസിന് കൊൽക്കത്തയ്ക്ക് ജയം : ഹൈദരാബാദ് ബാറ്റ്സ്മാൻമാരെ കൊൽക്കത്തയുടെ ബൗളിങ് നിര പൂട്ടികെട്ടി

By അനിൽ പയ്യമ്പള്ളി.11 04 2021

imran-azhar

 

കൊൽക്കത്ത ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുക്കാനേ സാധിച്ചുള്ളൂ

ചെന്നൈ: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.

 

കൊൽക്കത്ത ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുക്കാനേ സാധിച്ചുള്ളൂ.

 

44 പന്തിൽ നിന്ന് 3 സിക്സും 2 ഫോറുമടക്കം 61 റൺസെടുത്ത മനീഷ് പാണ്ഡെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

 

188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 10 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ഡേവിഡ് വാർണർ (3), വൃദ്ധിമാൻ സാഹ (7) എന്നിവരെ അവർക്ക് നഷ്ടമായി.

 

പിന്നാലെ ക്രീസിൽ ഒന്നിച്ച ജോണി ബെയർസ്റ്റോ - മനീഷ് പാണ്ഡെ സഖ്യമാണ് ഹൈദരാബാദ് ഇന്നിങ്സിനെ താങ്ങിനിർത്തിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും 92 റൺസ് കൂട്ടിച്ചേർത്തു. 40 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ചു ഫോറുമടക്കം 55 റൺസെടുത്ത ബെയർസ്റ്റോയെ പുറത്താക്കി പാറ്റ് കമ്മിൻസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

മുഹമ്മദ് നബി (14), വിജയ് ശങ്കർ (11) എന്നിവർക്കും കാര്യമായ സംഭാവന നൽകാനായില്ല.

കൊൽക്കത്തയ്ക്കായി പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റ് വീഴ്ത്തി.

 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തിരുന്നു.

 

അർധ സെഞ്ചുറി നേടിയ നിതിഷ് റാണയും രാഹുൽ ത്രിപാഠിയുമാണ് കൊൽക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്.

 

റാണ 56 പന്തുകൾ നേരിട്ട് നാലു സിക്സും ഒമ്പത് ഫോറുമടക്കം 80 റൺസെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും നിതിഷ് റാണയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 42 പന്തിൽ 53 റൺസ് ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 15 റൺസെടുത്ത ഗില്ലിന്റെ കുറ്റി തെറിപ്പിച്ച് റാഷിദ് ഖാൻ ഈ കൂട്ടുകെട്ട് പൊളിച്ചു.

 

ഗിൽ പുറത്തായ ശേഷമെത്തിയ രാഹുൽ ത്രിപാഠിയും സൺറൈസേഴ്സ് ബൗളർമാരെ കടന്നാക്രമിച്ചു. രണ്ടാം വിക്കറ്റിൽ നിതിഷ് റാണയ്ക്കൊപ്പം 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രാഹുൽ പുറത്തായത്. 29 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം രാഹുൽ 53 റൺസെടുത്തു.

 

പിന്നാലെയെത്തിയ വെടിക്കെട്ട് വീരൻ ആന്ദ്രേ റസ്സലിന് അഞ്ചു റൺസ് മാത്രമേ നേടാനായുള്ളൂ. ഓയിൻ മോർഗൻ രണ്ടു റൺസെടുത്ത് പുറത്തായി.

 

ദിനേഷ് കാർത്തിക്ക് ഒമ്പത് പന്തിൽ നിന്ന് 22 റൺസുമായി പുറത്താകാതെ നിന്നു.

 

 

സൺറൈസേഴ്സിനായി റാഷിദ് ഖാനും മുഹമ്മദ് നബിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

 

നേരത്തെ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ്, കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

 

 

 

OTHER SECTIONS