By Web Desk.18 09 2022
കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ബെംഗളൂരു എഫ്സിക്ക്. ക്ലബ്ബിന്റെ ആദ്യ ഡ്യൂറന്റ് കപ്പ് കിരീടമാണിത്.
ഞായറാഴ്ച നടന്ന ഫൈനലില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ കിരീടനേട്ടം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ ജയം.
യുവതാരം ശിവശക്തി 11-ാം മിനിറ്റില്‍ ഗോള്‍ നേടി ബെംഗളൂരുവിനെ മുന്നിവെത്തിച്ചു. ടൂര്‍ണമെന്റില്‍ താരത്തിന്റെ അഞ്ചാം ഗോള്‍ കൂടിയായിരുന്നു ഇത്.
30-ാം മിനിറ്റില്‍ അപുയിയയിലൂടെ മുംബൈ ഒപ്പമെത്തി. സ്റ്റീവര്‍ട്ടിന്റെ ഫ്രീകിക്ക് ഗുര്‍പ്രീത് തട്ടിയകറ്റിയ ശേഷം റീബൗണ്ട് വന്ന പന്ത് താരം വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് 61-ാം മിനിറ്റില്‍ അലന്‍ കോസ്റ്റയുടെ ഹെഡറിലൂടെയായിരുന്നു ബെംഗളൂരുവിന്റെ വിജയ ഗോള്‍. സുനില്‍ ഛേത്രിയെടുത്ത കോര്‍ണര്‍ കിക്ക് കോസ്റ്റ വലയിലെത്തിക്കുകയായിരുന്നു.