ഇന്ന് പോരാട്ടം കടുക്കും; ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ നേരിടും

By sisira.13 06 2021

imran-azhar

 

 

 

വെംബ്ലി: യൂറോ കപ്പ് ഫുട്ബോളിൽ ഇന്ന് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ നേരിടും. വെംബ്ലി സ്റ്റേഡിയത്തിൽ വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക.

 

സ്വന്തം തട്ടകത്തിൽ ഇറങ്ങുമ്പോൾ ക്രൊയേഷ്യക്കെതിരെ കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടുക എന്ന ലക്‌ഷ്യം കൂടിയുണ്ട് ഇംഗ്ലണ്ടിന്.

 

എന്നാൽ അവസാന ഒൻപത് യൂറോ കപ്പിലും ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയിക്കാനായിട്ടില്ല എന്നത് ക്രൊയേഷ്യക്ക് ആത്മവിശ്വാസമേകുന്നു.

 

അതേസമയം, വെംബ്ലി ചതിച്ചിട്ടില്ലെന്ന ചരിത്രമാവും ഈ ദുർവിധി മാറ്റാനുള്ള ഇംഗ്ലണ്ടിന്റെ ആശ്വാസം.

 

യോഗ്യതാ റൗണ്ടിൽ ഉഗ്രൻ ഫോമിലായിരുന്ന ഇംഗ്ലണ്ട് അവസാന ആറ് കളിയും ജയിച്ചാണെത്തുന്നത്.

 

നിരയിൽ ഗോളടിക്കാൻ ഹാരി കെയ്നും മാർക്കസ് റാഷ്‌ഫോർഡും ജേഡൻ സാഞ്ചോയും റഹീം സ്റ്റെർലിംഗും മേസൺ മൌണ്ടും ജാക്ക് ഗ്രീലിഷും യുവതാരം ഫിൽ ഫോഡനുമുണ്ട്.

 

ആരെ കളിപ്പിക്കണമെന്ന ആശങ്കയേ കോച്ച് ഗാരെത് സൗത്ത്‌ഗേറ്റിനുള്ളൂ. വാക്കർ, സ്റ്റോൺസ്, ലൂക് ഷോ, ട്രിപ്പിയർ എന്നിവടങ്ങുന്ന പ്രതിരോധവും ശക്തം. മധ്യനിരയിലും പ്രതിഭകളേറെ.

 

അവസാന രണ്ട് കളിയും തോറ്റെത്തുന്ന ക്രൊയേഷ്യ ലൂക്ക മോഡ്രിച്ച്, മറ്റേയു കൊവാസിച്ച്, ഇവാൻ പെരിസിച്ച്, ആന്റേ റെബിക്, ബ്രൂണോ പെറ്റ്കോവിക് തുടങ്ങിയ സീനിയർ താരങ്ങളിലേക്കാണ് ഉറ്റുനോക്കുന്നത്.

 

പരിക്കേറ്റ ഡിഫൻഡർ ലൗവ്റന് ആദ്യ മത്സരം നഷ്‌ടമായേക്കും. ഇതോടെ വിദ, ഡുജേ എന്നിവർക്കാകും പ്രതിരോധത്തിന്റെ ചുമതല.

 

സൗത്ത്ഗേറ്റിന്റെ വമ്പൻ നിരയെ കീഴടക്കാൻ സ്ലാറ്റ്കോ ഡാലിച്ച് എന്തൊക്കെ തന്ത്രങ്ങളാവും കാത്തുവച്ചിരിക്കുന്നതെന്ന് വെംബ്ലിയിൽ കണ്ടുതന്നെ അറിയാം.

 

OTHER SECTIONS