By Web Desk.16 06 2022
സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടന, ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ലോകചാമ്പ്യന്മാരും നിലവിലെ യുവേഫ നേഷന്‍സ് ലീഗ് കിരീടജേതാക്കളുമായ ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു. നിലവില്‍ ഫ്രാന്‍സ് മൂന്നാം സ്ഥാനത്തായിരുന്നു.
നേഷന്‍സ് ലീഗിലെ മോശം ഫോമാണ് ഫ്രാന്‍സിന് തിരിച്ചടിയായത്. അര്‍ജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലേക്ക് കുതിച്ചു.
ഫൈനലിസിമ പോരാട്ടത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലിയെ തകര്‍ത്ത് അര്‍ജന്റീന കിരീടം നേടിയിരുന്നു. തുടര്‍ച്ചയായി 33 മത്സരങ്ങള്‍ തോല്‍ക്കാതെ അര്‍ജന്റീന കുതിപ്പ് തുടരുകയാണ്.
ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബെല്‍ജിയമാണ് രണ്ടാമത്. ഏപ്രില്‍ ഏഴുമുതല്‍ ജൂണ്‍ 14 വരെയുളള ദിവസങ്ങളില്‍ നടന്ന 300 മത്സരങ്ങളുടെ ഫലം ഉള്‍പ്പെടുത്തിയാണ് ഫിറ പുതിയ റാങ്കിങ് പ്രഖ്യാപിച്ചത്.
1838 പോയന്റ് നേടിയാണ് ബ്രസീല്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്.
ബെല്‍ജിയത്തിന് 1822 പോയന്റും അര്‍ജന്റീനയ്ക്ക് 1784 പോയന്റുമാണുള്ളത്. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിന്‍, ഹോളണ്ട്, പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ അഞ്ചുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇന്ത്യ 106-ാം സ്ഥാനത്താണ്.