By priya.27 08 2022
ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ പിന്‍വലിച്ചു.കൗണ്‍സില്‍ ബ്യൂറോ യോഗത്തിലാണ് വിലക്ക് അടിയന്തരമായി നീക്കാന്‍ തീരുമാനിച്ചത്. ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ രൂപീകരിച്ച പ്രത്യേക ഭരണസമിതി സുപ്രീം കോടതി പിരിച്ചുവിട്ടിരുന്നു. വിലക്ക് നീങ്ങിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 11 മുതല്‍ 30 വരെ നടക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന് ഇന്ത്യ തന്നെ ആതിഥ്യം വഹിക്കും.
ഓഗസ്റ്റ് 15നു ചേര്‍ന്ന ഫിഫ കൗണ്‍സില്‍ ബ്യൂറോ ആഭ്യന്തര കാര്യങ്ങളില്‍ ബാഹ്യ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തത്. പ്രത്യേക ഭരണസമിതി സ്വീകരിച്ച നടപടികളാണ് ഫിഫയുടെ നടപടിക്കു വഴിയൊരുക്കിയത്. പ്രത്യേക ഭരണസമിതി പിരിച്ചുവിടുകയും ഫെഡറേഷന്റെ ഭരണസമിതി പൂര്‍ണ ചുമതലയേറ്റെടുക്കുകയും ചെയ്താല്‍ മാത്രമേ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയുള്ളൂവെന്നു ഫിഫ അറിയിച്ചിരുന്നു.