By Web Desk.02 11 2022
ഫുട്ബോള്‍ ലഹരിയില്‍ ഖത്തര്‍. മാച്ച് ടിക്കറ്റും ഹയ്യാ കാര്‍ഡും സ്വന്തമാക്കിയ ലോകകപ്പ് കാണികള്‍ക്ക് ചൊവ്വാഴ്ച മുതല്‍ 'മര്‍ഹബന്‍ ബികും ഫീ ഖത്തര്‍' (ഖത്തറിലേക്ക് സ്വാഗതം).
ദോഹയിലെ രണ്ടു വിമാനത്താവളങ്ങള്‍ വഴി മണിക്കൂറില്‍ 5700 പേരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിക്കൂറില്‍ 2000 പേരെ സ്വീകരിക്കുമ്പോള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മണിക്കൂറില്‍ 3700 പേര്‍ക്ക് ഖത്തറിലേക്കെത്താം.
വിമാനത്താവളങ്ങള്‍ക്കു പുറമേ തുറമുഖങ്ങള്‍ വഴിയും അബു സംറ കര അതിര്‍ത്തി വഴിയും ലോകകപ്പ് കാണികളെത്തും. ലോകകപ്പ് സമയത്ത് 15 ലക്ഷം വിദേശികള്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. 30 ലക്ഷത്തോളം ടിക്കറ്റുകളാണ് ലോകകപ്പിനായി വിറ്റഴിച്ചത്.
ഖത്തറിലെ ഷോപ്പിങ് മാളുകള്‍ ലോകകപ്പ് കഴിയുന്നതുവരെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശം. ചൊവ്വാഴ്ച മുതല്‍ ഈ നിര്‍ദേശം പ്രാബല്യത്തില്‍വരും. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സൂഖ് വാഖിഫും 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കും.
ലോകകപ്പ് പ്രമാണിച്ച് ഖത്തറിലെ സ്കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്കു 11 മണിവരെയാകും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് 12 വരെയാകും ചൊവ്വാഴ്ച മുതല്‍ സ്കൂളുകളുടെ പ്രവൃത്തിസമയം.