അനിശ്ചിതത്വം താണ്ടി അര്‍ജന്റീന, വിസ്മയത്തുമ്പത്ത് ഓസ്‌ട്രേലിയ

By Web Desk.01 12 2022

imran-azhar

 

ഡോ.പ്രകാശ് ജനാര്‍ദ്ദനന്‍

 

രണ്ട് പതിറ്റാണ്ടുകളോളം നീളമുള്ള തന്റെ കളി ജീവിതത്തില്‍ അനിശ്ചിതത്വത്തിന്റെ ആഴങ്ങള്‍ ഏറെ താണ്ടിയ കാല്‍പന്തുകളിക്കാരനാണ് ലയണല്‍ ആന്ദ്രേസ് മെസ്സി. മരണത്തുമ്പത്തു നിന്നും ജീവിതം തിരിച്ചുപിടിക്കാന്‍ കഴിവുള്ള പ്രതിഭ. പോളണ്ടിനെതിരെ മെസ്സി പെനാല്‍ട്ടി പാഴാക്കി, പിന്നീട് ഗോളുകള്‍ ഒന്നും നേടിയതുമില്ല. പക്ഷെ എതിര്‍ കളിക്കാരെ തന്നിലേക്കാകര്‍ഷിച്ച്, അസാമാന്യ പന്തടക്കത്തിലൂടെ അവരില്‍ ഭയം ഉളവാക്കി, മികച്ച പാസ്സുകളിലൂടെ പ്രതിരോധനിരയെ നിഷ്പ്രഭമാക്കി മെസ്സി കളിക്കളത്തില്‍ സൃഷ്ടിക്കുന്ന ഒരു അന്തരീക്ഷമുണ്ട്. ആ അന്തരീക്ഷം മെസ്സിയുടെ സഹകളിക്കാര്‍ക്ക് നല്കുന്നത് അപാരമായ കളിസ്വാതന്ത്ര്യമാണ്, ആത്മവിശ്വാസമാണ്. ആ സ്വാതന്ത്ര്യം അവര്‍ ആസ്വദിച്ചപ്പോള്‍, പ്രയോജനപ്പെടുത്തിയപ്പോള്‍, മികച്ച ഗോളുകളുണ്ടായി. അര്‍ജന്റീന തങ്ങളുടെ തനത് താളം കണ്ടെത്തി.

 

മെസ്സി സൃഷ്ടിച്ച ഈണത്തിനൊപ്പം കളിക്കാനല്ലാതെ പോളണ്ടിന് മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സൗദി അറേബ്യയെ തോല്‍പിക്കാന്‍ പ്രയോഗിച്ചതന്ത്രം തന്നെയാണ് അര്‍ജന്‍ന്റീനയ്‌ക്കെതിരേയും പോളണ്ട് ആവിഷ്‌ക്കരിച്ചത്. പക്ഷെ ആ തന്ത്രം പാളിയപ്പോള്‍ ലോകഫുട്ബാളിലെ ഏറ്റവും മികച്ച ഫോര്‍വേര്‍ഡുകളില്‍ ഒരാളായ ലെവെന്‍ഡോവിസ്‌കിക്കും കൂട്ടര്‍ക്കും ഗോള്‍ ശരാശരിയെന്ന കച്ചിത്തുരുമ്പ് വേണ്ടി വന്നു മെക്‌സിക്കോയെ മറികടന്ന് രണ്ടാം റൗണ്ടിലേക്ക് മുന്നേറാന്‍.

 

ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കയറാനുള്ള, കളിമികവുള്ള സൗദി അറേബ്യയ്ക്ക് പക്ഷെ ആദ്യ കളിയില്‍ പുറത്തെടുത്ത മാന്ത്രികത കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ല. ഏറ്റവും വലിയ അട്ടിമറി ജയം ലോകകപ്പിന്റെ ചരിത്ര ഏടുകളില്‍ അടയാളപ്പെടുത്തിയാണ് തങ്ങളുടെ മടക്കമെന്ന് അവര്‍ക്ക് ആശ്വാസിക്കാം.

 

ഈ ലോകകപ്പില്‍ കറുത്ത കുതിരകളാകുമെന്നു കരുതിയ ഡെന്‍മാര്‍ക്കിനെ കളിയുടെ അറുപതാം മിനിട്ടില്‍ മാത്യു ലെക്കി നേടിയ ഗോളിന് വീഴ്ത്തി ഓസ്‌ട്രേലിയ ലോകത്തെ വിസ്മയിപ്പിച്ചു.ക്രിസ്ത്യന്‍ എറിക്‌സനും സംഘത്തിനും ഒരു പോയിന്റ് മാത്രം നേടി ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി കളം വിടേണ്ടിയും വന്നു.

 

രണ്ടാം റൗണ്ടിലേക്ക് കടക്കാന്‍ കഴിഞ്ഞില്ലേലും, നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഒരു ഗോളിന് തോല്‍പ്പിച്ച് വീരോചിതമായി തന്നെയാണ് ടുണീഷ്യ ഈ ലോകകപ്പിനോട് വിട പറഞ്ഞത്.

 

(എഴുത്തുകാരനും ദന്ത ചികിത്സാ വിദഗ്ധനുമാണ് ഡോ.പ്രകാശ് ജനാര്‍ദ്ദനന്‍)

 

 

 

 

 

OTHER SECTIONS