By Web Desk.28 11 2022
ദോഹ: ഫിഫ ലോകകപ്പില്‍ കാനഡയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കു കീഴടക്കി ക്രൊയേഷ്യ. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ അല്‍ഫോന്‍സോ ഡേവിസിലൂടെ കാനഡ മുന്നിലെത്തിയപ്പോള്‍ നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് ക്രൊയേഷ്യ മറുപടി നല്‍കിയത്. ആന്ദ്രേജ് ക്രമാരിച് (36, 70), മാര്‍കോ ലിവാജ (44), ലവ്റോ മാജര് (94) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോളുകള്‍ നേടിയത്.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് ഗോള്‍ രഹിത സമനില പാലിച്ച ക്രൊയേഷ്യയ്ക്ക് ജയത്തോടെ നാലു പോയിന്റായി. എഫ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ ക്രൊയേഷ്യ. ഡിസംബര്‍ ഒന്നിനു ബല്‍ജിയത്തെ തോല്പിച്ചാല് ക്രൊയേഷ്യയ്ക്ക് അനായാസം അടുത്ത റൗണ്ടിലെത്താം.
രണ്ടാം കളിയും തോറ്റ കാനഡ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ്. വിജയ പ്രതീക്ഷയുമായി ഇറങ്ങിയ കാനഡ, ക്രൊയേഷ്യയെ ഞെട്ടിച്ചാണു കളി തുടങ്ങിയത്. സമനില ഗോള്‍ നേടി എട്ടു മിനിറ്റുകള്‍ക്കപ്പുറമാണ് ക്രൊയേഷ്യ മത്സരത്തില്‍ ആദ്യമായി ലീഡെടുത്തത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ടു മാറ്റങ്ങള്‍ കാനഡ ടീമില്‍ കൊണ്ടുവന്നു. കൈല്‍ ലാറിന്, സ്റ്റീഫന്‍ യുസ്റ്റാക്യോ എന്നിവര്‍ക്കു പകരം 20 വയസ്സുകാരന് ഇസ്മായില്‍ കോനെയും ജൊനാഥന് ഒസോരിയോയും എത്തി. 48ാം മിനിറ്റില്‍ ഒസോരിയോയുടെ മികച്ചൊരു ഗോള്‍ ശ്രമം ലക്ഷ്യത്തിലെത്താതെ പോയി.
രണ്ടാം പകുതിയില്‍ 70ാം മിനിറ്റില്‍ ക്രമാരിച്ച് ക്രൊയേഷ്യയ്ക്കു വേണ്ടി താരത്തിന്റെ രണ്ടാം ഗോളും കണ്ടെത്തി. പെനല്‍റ്റി ഏരിയയില്‍നിന്ന് ഇവാന് പെരിസിച്ചിന്റെ പാസില്‍ ക്രമാരിച്ചിന്റെ ഗോളെത്തി. പോസ്റ്റിലേക്ക് ലോ ഷോട്ട് പായിച്ചാണ് ക്രമാരിച്ച് ലക്ഷ്യം കണ്ടത്. പെരിസിച്ചിന് മത്സരത്തിലെ രണ്ടാം അസിസ്റ്റ്.
മൂന്നാം ഗോളും നേടിയതോടെ കളി പൂര്‍ണമായും ക്രൊയേഷ്യയുടെ നിയന്ത്രണത്തിലായി. കാനഡ പ്രതിരോധ താരം കമാല്‍ മില്ലറുടെ പിഴവു മുതലെടുത്താണ് ക്രൊയേഷ്യ നാലാം ഗോള്‍ ഉറപ്പിച്ചത്. രണ്ടാം തോല്‍വി വഴങ്ങിയ കാനഡയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഇതോടെ അവസാനിച്ചു.