By Web Desk.26 11 2022
ഡോ.പ്രകാശ് ജനാര്ദ്ദനന്
അതിഥി ദേവോ ഭവ: എന്നു നമ്മള് പറയാറുണ്ട്. കളിക്കളത്തിനു പുറത്ത് അത് സംസ്കാരത്തിന്റെയും മാന്യതയുടേയും ആഢ്യത്വത്തിന്റേയുമൊക്കെ സൂചകമാണ്. പക്ഷെ അത് കളിക്കളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ദുരന്തമായി മാറും. ആതിഥേയത്വത്തിന്റേയും അമിത പ്രതീക്ഷയുടേയും സമ്മര്‍ദ്ദത്തില്‍ നിന്നും തങ്ങള്‍ക്ക് മുക്തരാകാന്‍ കഴിഞ്ഞില്ല എന്നാണ് സെനഗലിനോടുള്ള തോല്‍വിയിലൂടെയും ഖത്തര്‍ തെളിയിക്കുന്നത്. ഡെച്ച് ഇക്വഡോര്‍ മല്‍സരം സമനിലയില്‍ പിരിയുകകൂടി ചെയ്തപ്പോള്‍ നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍, ഈ ലോകകപ്പില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായി മാറി.
ഏഷ്യയിലെ മറ്റു രാജ്യങ്ങള്‍ തങ്ങളുടെ കഴിവിന്റെ പാരമ്യത്തില്‍ കളിക്കുകയാണ്. സ്ഥിതിവിവര കണക്കുകളിലൂടെ വിലയിരുത്തുമ്പോള്‍ ലോകകപ്പിന്റെ 92 വര്‍ഷത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയുമായി സൗദി അറേബ്യ, എട്ടുതവണ ലോകകപ്പിന്റെ അവസാന മല്‍സരം കളിച്ച, നാലു തവണ ചാമ്പ്യന്മാരായ ജര്‍മ്മനി എന്ന കാല്പന്തുകളിയിലെ കരുത്തിനെ വീഴ്ത്തിയ ജപ്പാന്, ലാറ്റിനമേരിക്കന്‍ ശക്തികളായ ഉറുഗ്വായെ സമനിലയില്‍ തളച്ച ദക്ഷിണ കൊറിയ, ആദ്യ കളിയിലെ വന്‍ തോല്‍വിയെ കുടഞ്ഞെറിഞ്ഞ്, രണ്ടാം കളിയില്‍ വെയില്‍സിനെ രണ്ടു ഗോളിനു മുക്കിയ ഇറാന് എന്നിവരിലൂടെ മുന്‍കാലങ്ങളില്‍ ലോകകപ്പില്‍ സാന്നിധ്യം മാത്രമായിരുന്ന ഏഷ്യന്‍ ടീമുകള്‍ ഈ ലോകകപ്പില്‍ തങ്ങളെ ശക്തമായി അടയാളപ്പെടുത്തുമ്പോള്‍, ആതിഥേയരും, ഏഷ്യന്‍ ചാമ്പ്യന്മാരുമായ ഖത്തര്‍ ഈ ലോകകപ്പില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായത് വിധിവൈപരീത്യമെന്നേ പറയാന്‍ കഴിയൂ.
എ ഗ്രൂപ്പിലെ തന്നെ മറ്റൊരു മല്‍സരത്തില്‍ ജയം തേടിയിറങ്ങിയ ഡച്ച് പടയെ എന്നെര്‍ വാലന്‍സിയയുടെ ഈ ലോകകപ്പിലെ മൂന്നാം ഗോളിലൂടെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ കരുത്തുകാട്ടി. കോഡി ഗോപ്കയുടെ ഗോളിലൂടെ ആറാം മിനിറ്റില്‍ ഹോളണ്ട് മുന്നിലെത്തിയിരുന്നു.
ഇംഗ്ലണ്ടിന് ലോകകപ്പ് ഫുട്ബാളില്‍ അമേരിക്കയെ തോല്പിക്കാന് ഇനിയും കാത്തിരിക്കണം. ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇംഗ്ലണ്ടിന്റെ വിഖ്യാത മുന്നേറ്റ നിരയെ ഗോള്‍ നേടുന്നതില്‍ നിന്നും ഫലപ്രദമായി തടയാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു. ആദ്യ പകുതിയില്‍ കരുതലോടെ കളിച്ച ഇരുവരും, രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയപ്പോള്‍ കളി ആവേശമായി. ഗ്രൂപ്പ് ബി യിലെ മറ്റൊരു മല്‍സരത്തില്‍ ഇറാന്, റെഡ് കാര്‍ഡിലൂടെ ഗോളിയെ നഷ്ടപ്പെട്ട് പത്തു പേരായി ചുരുങ്ങിയ വെയില്‍സിനെ വീഴ്ത്തി രണ്ടാം റൗണ്ട് പ്രതീക്ഷ നിലനിര്‍ത്തി.
(എഴുത്തുകാരനും ദന്ത ചികിത്സാ വിദഗ്ധനുമാണ് ഡോ.പ്രകാശ് ജനാര്ദ്ദനന്)