By web desk .27 11 2022
ദോഹ: ഫിഫ ലോകകപ്പ് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി അര്‍ജന്റീന. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന മെക്സിക്കോയെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് ഗോളും അസിസ്റ്റുമായി മത്സരത്തില്‍ തിളങ്ങിയത്.
പകരക്കാരന് എന്‍സോ ഫെര്‍ണാണ്ടസാണ് രണ്ടാം ഗോള്‍ നേടിയത്. ജയത്തോടെ അര്‍ജന്റീന മൂന്ന് പോയിന്റ് സ്വന്തമാക്കി.പോയിന്റ് നിലയില്‍ പോളണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്തുമെത്തി.സൗദിയാണ് മൂന്നാം സ്ഥാനത്ത്.
മത്സരത്തില്‍ മെക്സിക്കന്‍ താരങ്ങളുടെ പരുക്കന്‍ അടവുകളും അര്‍ജന്റീനയ്ക്ക് വെല്ലുവിളിയായിരുന്നു. അതുകൊണ്ട് തന്നെ 32-ാം മിനിറ്റിലാണ് അര്‍ജന്റീനയക്ക് ആദ്യ കോര്‍ണര്‍ ലഭിക്കുന്നത്.
35-ാം മിനിറ്റിലാണ് മെക്സിക്കന്‍ പോസ്റ്റിലേക്ക് പന്തെത്തിക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിയുന്നത്.41 മിനിറ്റില്‍ ഡി മരിയ മെക്സിക്കന്‍ ബോക്സിലേക്ക് നീട്ടിനല്‍കിയ ക്രോസില്‍ ലാതുറോ മാര്‍ട്ടിനെസ് തലവച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.
44-ാം മിനിറ്റില്‍ അറോഹയുടെ ഫ്രീകിക്ക് ഏറെ കഷ്ടപ്പെട്ടാണ് അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനെസ് പിടിക്കുന്നത്. മെക്സിക്കോയുടെ ആദ്യ ഗോള്‍ ശ്രമമായിരുന്നത്. രണ്ടാംപാതിയുടെ ആദ്യ മിനിറ്റുകളിലാണ് മത്സരത്തിലേക്ക് തിരിച്ച് വരാന്‍ അര്‍ജന്റീന ലക്ഷണങ്ങള്‍ കാണിക്കുന്നത്.
52-ാം മിനിറ്റില്‍ അപകടകരമായ പൊസിഷനില്‍ ബോക്സിന് തൊട്ടുമുന്നില്‍ വച്ച് അര്‍ജന്റീനയ്ക്ക് ഫ്രീകിക്ക് ലഭിച്ചു.എന്നാല്‍ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.അര്‍ജന്റീന ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ഗോള്‍ പിറന്നത് 64-ാം മിനിറ്റിലായിരുന്നു.
മെസിയുടെ ഇടങ്കാലില്‍ നിന്നുള്ള ഷോട്ട്. വലത് വിംഗില്‍ നിന്നും ഡി മരിയ നല്കിയ പാസാണ് ഗോളായത്. 70-ാം മിനിറ്റില്‍ മൊളീനയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക്. ഗോളിന് പിന്നാലെ ക്രിസ്റ്റ്യന്‍ റൊമേറോയെ ഇറക്കി അര്‍ജന്റീന കോച്ച് പ്രതിരോധം ശക്തമാക്കി.
അര്‍ജന്റീന മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസും എസെക്വിയല്‍ പലാസിയോസും എത്തിയതോടെ കൂടുതല്‍ മികച്ച നീക്കങ്ങളുമുണ്ടായി. മുന്നേറ്റത്തില്‍ ജൂലിയന്‍ അല്‍വാരസിന്റെ വേഗമേറിയ നീക്കങ്ങളും അര്‍ജന്റീനയ്ക്ക് ഉണര്‍വ് നല്കി. പിന്നാലെ എന്‍സോയുടെ ഗോള്‍.