By web desk .01 12 2022
ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോളണ്ടിനെ ഇരട്ട ഗോളുകള്‍ക്ക് തകര്‍ത്ത് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച് അര്‍ജന്റീന. അലെക്സിസ് മാക് അലിസ്റ്റര്‍ (47), ജുലിയന്‍ അല്‍വാരെസ് (67) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്.
പോളണ്ട് സമനില പിടിക്കാനായാണ് തുടക്കം മുതല്‍ കളിച്ചിരുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റീനയെ തടഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ അര്‍ജന്റീന ഗംഭീര തിരിച്ചുവരവു നടത്തി.
ആദ്യ പകുതിയില്‍ ലഭിച്ച പെനല്‍റ്റി സൂപ്പര്‍ താരം ലയണല്‍ മെസ്സി പാഴാക്കിയത് ആരാധകര്‍ക്ക് നിരാശയായി.രണ്ടാം ജയത്തോടെ 6 പോയിന്റുകളുമായി അര്‍ജന്റീന
ഗ്രൂപ്പ് സി ചാംപ്യന്മാരായി.
അര്‍ജന്റീനയോട് പരാജയപ്പെട്ടെങ്കില്‍ പോലും ഒരു ജയവും ഒരു സമനിലയുമുള്ള പോളണ്ട് സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തി. പോളണ്ടിന് നാലു പോയിന്റുകളാണുള്ളത്.
മെസ്സി പെനല്‍റ്റി പാഴാക്കിയ അദ്യ പകുതി
അര്‍ജന്റീനയുടെ കോര്‍ണറോടെയാണു കളി ആരംഭിക്കുന്നത്. മിന്നലാക്രമണങ്ങളിലൂടെ ഗോളടിക്കുക എന്നതും അര്‍ജന്റീനയെ ഗോളടിപ്പിക്കാതിരിക്കുക എന്നും ലക്ഷ്യമിട്ടായിരുന്നു പോളണ്ട് ആദ്യ പകുതിയില്‍ കളിച്ചിരുന്നത്.
36ാം മിനിറ്റില്‍ പോളണ്ട് ബോക്സിനുള്ളില്‍ ഗോളി മെസ്സിയെ ഫൗള്‍ ചെയ്തതില്‍ വാര് പരിശോധനകള്‍ക്കു ശേഷം റഫറി അര്‍ജന്റീനയ്ക്കു പെനല്‍റ്റി അനുവദിച്ചു. . അര്‍ജന്റീനയുടെ നിരവധി അവസരങ്ങളാണ് ഷെസ്നി പ്രതിരോധിച്ചത്.എന്നാല്‍ മെസ്സിയുടെ കിക്ക് പോളണ്ട് ഗോളി തട്ടിയകറ്റി.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ പോളണ്ട് ഗോള്‍ കീപ്പര്‍ വോസിയച് ഷെസ്നിയും അര്‍ജന്റീന താരങ്ങളും തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നത്. അര്‍ജന്റീനയുടെ നിരവധി അവസരങ്ങളാണ് ഷെസ്നി തട്ടി മാറ്റിയത്. ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ 12 ഷോട്ടുകളില്‍ ഏഴെണ്ണവും ഓണ്‍ ടാര്‍ഗെറ്റായിരുന്നു.
മിന്നും ഗോളുകള്‍ പിറന്ന രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന പോളണ്ട് ഗോളിയുടെ പ്രതിരോധക്കോട്ട തകര്‍ത്തു.മൊളീനയുടെ ക്രോസില്‍ മാക് അലിസ്റ്റര്‍ ബോക്സിന്റെ മധ്യ ഭാഗത്തുനിന്ന് പോളണ്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്കു പന്തെത്തിക്കുകയായിരുന്നു.
51ാം മിനിറ്റില്‍ പോളണ്ട് താരം മിച്ചല്‍ സ്കോറസ് ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.60ാം മിനിറ്റില്‍ അക്യുനയെയും ഏഞ്ചല്‍ ഡി മരിയയെയും പിന്‍വലിച്ച് അര്‍ജന്റീന ലിയാന്‍ഡ്രോ പരാഡെസിനെയും നിക്കോളാസ് തഗ്ലിയാഫികോയെയും ഗ്രൗണ്ടിലിറക്കി.
67ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ജുലിയന്‍ അല്‍വാരെസ് രണ്ടാം ഗോള്‍ നേടി. ഇതോടെ സമനില പിടിച്ചാല്‍ പോലും പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റ്
ഉറപ്പിക്കാമായിരുന്ന മത്സരത്തില്‍ പോളിഷ് ആക്രമണങ്ങള്‍ കുറവായിരുന്നു.
രണ്ടാം ഗോള്‍ നേടിയിട്ടും അര്‍ജന്റീന ആക്രമണങ്ങള്‍ക്കു കുറവുണ്ടായില്ല. 85ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ലൊതാരോ മാര്‍ട്ടിനസിന്റെ ഷോട്ട് പോളണ്ട് ഗോളി മാത്രം മുന്നില്‍നില്‍ക്കെ പുറത്തേക്കുപോയി. രണ്ടാം പകുതിയില്‍ അധികസമയം ആറുമിനിറ്റ് പൂര്‍ത്തിയായപ്പോള്‍ അര്‍ജന്റീന ജയിച്ചു.