'രാജ്യത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ പോയതില്‍ മാപ്പ്': പൊട്ടിക്കരഞ്ഞ് വലന്‍സിയ

By Priya.01 12 2022

imran-azhar

 

ദോഹ: ഖത്തര്‍ ലോകകപ്പില്‍ നിന്ന് ഇക്വഡോര്‍ പുറത്തായതോടെ രാജ്യത്തോടും ആരാധകരോടും കണ്ണീരോടെ ക്ഷമ ചോദിച്ച് ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയ. ''ഇതൊരിക്കലും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതല്ല.

 

രാജ്യത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ പോയതില്‍ മാപ്പ് ചോദിക്കുന്നു'' ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ നേടി ടീമിനെ മുന്നില്‍ നിന്നു നയിച്ച വലന്‍സിയ മത്സരത്തിന് ശേഷം കരച്ചില്‍ മാറാതെ പറഞ്ഞു.

 

ഇക്വഡോറിനായി 38 ഗോള്‍ നേടിയിട്ടുള്ള വലന്‍സിയ രാജ്യത്തിന്റെ ടോപ്‌സ്‌കോററാണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആഫ്രിക്കന്‍ ചാംപ്യന്മാരായ സെനഗലിനോട് 2-1ന് ഇക്വഡോര്‍ തോല്‍വി വഴങ്ങി.

 

ഇക്വഡോറിന് പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ സമനില മാത്രം മതിയായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ വിജയത്തോടെ സെനഗല്‍ പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് എടുത്തു. ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സെനഗലിന്റെ ജയം.

 

മത്സരത്തിന്റെ ആദ്യ മിനിറ്റു മുതല്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിനൊടുവിലാണ് സെനഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സെനഗലിനായി ഇസ്മയില സാര്‍ 44ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഗോള്‍ വലയിലെത്തിച്ചു.

 

70ാം മിനിറ്റില്‍ കാലിഡു കൂളിബാലി ഗോള്‍ നേടി. ഇക്വഡോറിന്റെ ഗോള്‍ മോയ്‌സസ് കയ്‌സെഡോ (67) നേടി. 2002നുശേഷം ഇതാദ്യമായാണ് സെനഗല്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്.

 

 

OTHER SECTIONS