സൗദിക്കെതിരെ ജയിച്ചെങ്കിലും പ്രീക്വാര്‍ട്ടറിലെത്താതെ മടങ്ങി മെക്‌സിക്കോ

By web desk .01 12 2022

imran-azhar

 

ദോഹ: ലോകകപ്പില്‍ ആവേശപ്പോരാട്ടത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മെക്‌സിക്കോ വിജയിച്ചു. എന്നാല്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട പോളണ്ടിനെ ഗോള്‍ശരാശരിയില്‍ കീഴ്‌പ്പെടുത്താന്‍ മെക്‌സിക്കോയ്ക്ക് കഴിഞ്ഞില്ല.

 

നാലു പോയിന്റുമായി പോളണ്ടിനൊപ്പമെത്തിയ മെക്‌സിക്കോ ഗോള്‍ശരാശരിയില്‍ പിന്നിലായതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി.മെക്‌സിക്കോയ്ക്കായി ഹെന്റി മാര്‍ട്ടിന്‍ (47), ലൂയിസ് ഷാവേസ് (52) എന്നിവരാണ് ഗോള്‍ നേടിയത്. സൗദിയുടെ സമനില ഗോള്‍ ഇന്‍ജറി ടൈമില്‍ സലേം അല്‍ ദൗസരി നേടി.

 

ലൊസാനോ, അന്റൂന എന്നിവര്‍ വലയിലെത്തിച്ച രണ്ടു ഗോളുകള്‍ ഓഫ്‌സൈഡ് ആയതും മെക്‌സിക്കോയ്ക്ക് തിരിച്ചടിയായി.ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ രണ്ടു ഗോളുകള്‍ക്ക് പോളണ്ടിനെ പരാജയപ്പെടുത്തി അര്‍ജന്റീന ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തി.


രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൗദി ബോക്‌സില്‍ മെക്‌സിക്കോയുടെ ആദ്യ ഗോള്‍. മെക്‌സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കെടുത്തത് ലൂയിസ് ഷാവേസ്. കോര്‍ണറില്‍നിന്ന് ഷാവേസ് ഉയര്‍ത്തി വിട്ട പന്ത് സെസാര്‍ മോണ്ടെസിന്റെ കാലില്‍ത്തട്ടി മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാര്‍ട്ടിന്റെ കാലിലേക്ക്.

 

പോസ്റ്റിനു തൊട്ടരികെ നിന്ന് മാര്‍ട്ടിന്‍ തൊടുത്ത ഷോട്ട് വലയിലേക്ക്.ആദ്യ ഗോളിന് പുറമേ മെക്‌സിക്കോ രണ്ടാം ഗോളും നേടി. സൗദി ബോക്‌സിനു പുറത്ത് മാര്‍ട്ടിനെ സൗദി താരം വീഴ്ത്തിയതിന് മെക്‌സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. കിക്കെടുത്ത ഷാവേസ് പന്ത് വലയിലെത്തിച്ചു.

 

 

 

OTHER SECTIONS