ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ജേതാവ്; 19-ാം ഗ്രാന്‍സ്ലാം കിരീടം

By Web Desk.13 06 2021

imran-azhar

 


പാരിസ്: ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ വീഴ്ത്തി സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ജേതാവ്. ആദ്യ രണ്ടു സെറ്റും നഷ്ടമാക്കി തോല്‍വിയുടെ വക്കിലായിരുന്ന ജോക്കോവിച്ച്, തുടര്‍ന്നുള്ള മൂന്നു സെറ്റും സ്വന്തമാക്കിയാണ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 6-7, 2-6, 6-3, 6-2, 6-4. മുപ്പത്തിനാലുകാരനായ സെര്‍ബിയന്‍ താരത്തിന്റെ 19 ാം ഗ്രാന്‍സ്‌ലാം കിരീടമാണിത്.

 

റൊളാങ് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ ജോക്കോവിച്ചിന്റെ രണ്ടാമത്തെ കിരീടമാണിത്. ഇതിനു മുന്‍പ് 2016 ലാണ് ജോക്കോവിച്ച് ഇവിടെ കിരീടമുയര്‍ത്തിയത്.

 

ഓപ്പണ്‍ കാലഘട്ടത്തില്‍ നാലു ഗ്രാന്‍സ്‌ലാം കിരീടങ്ങളും കുറഞ്ഞത് രണ്ടു തവണ വീതമെങ്കിലും നേടുന്ന ആദ്യത്തെ താരമാണ് ജോക്കോവിച്ച്. റോയ് എമേഴ്‌സണ്‍, റോഡ് ലാവര്‍ എന്നിവരും ഇതേ നേട്ടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും 1968 നു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ജോക്കോവിച്ച്.

 

ഗ്രാന്‍സ്‌ലാം സിംഗിള്‍സ് കിരീടം ചൂടുന്ന ആദ്യ ഗ്രീക്കുകാരനെന്ന റെക്കോര്‍ഡാണ് സിറ്റ്‌സിപാസിന്റെ കൈവെള്ളയില്‍ നിന്ന് വഴുതിയത്. ആദ്യ രണ്ടും സെറ്റും സ്വന്തമാക്കിയ ഇരുപത്തിരണ്ടുകാരനായ സിറ്റ്‌സിപാസ് അട്ടിമറിയുടെ വക്കിലെത്തിയെങ്കിലും ജോക്കോവിച്ചിന്റെ തിരിച്ചുവരവ് തടയാനായില്ല.

 

 

 

OTHER SECTIONS