By Web Desk.30 11 2022
ന്യൂഡല്‍ഹി: മലയാളി ബാഡ്മിന്റന്‍ താരം എച്ച് എസ് പ്രണോയ് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് അവാര്‍ഡ് സമ്മാനിച്ചത്.
പ്രണോയ് ബാഡ്മിന്റന്‍ വേള്‍ഡ് ടൂര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. വേള്‍ഡ് ടൂര്‍ വിഭാഗത്തില്‍ പെടുന്ന ടൂര്‍ണമെന്റുകളിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പ്രണോയിയെ ഈ നേട്ടത്തിലെത്തിച്ചത്. ലോകറാങ്കിങ്ങിലെ ഒന്നാമനും രണ്ടുവട്ടം ലോകചാംപ്യനുമായ ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സെല്‍സനെ പിന്തള്ളിയാണ് സെപ്റ്റംബറില്‍ പുറത്തിറക്കിയ റാങ്ക് പട്ടികയില്‍ എച്ച്.എസ്. പ്രണോയിയുടെ നേട്ടം.
ജനുവരി 11ന് തുടങ്ങിയ വേള്‍ഡ് ടൂര്‍ സീസണില്‍ 58,090 പോയിന്റാണ് പ്രണോയിയുടെ സമ്പാദ്യം. എല്ലാ ചാംപ്യന്‍ഷിപ്പുകളിലുമായി 233 വിജയങ്ങളും സ്വന്തമാക്കി. എന്നാല്‍ വേള്‍ഡ് ടൂര്‍ വിഭാഗത്തില്‍പെടുന്ന ഒറ്റ ചാംപ്യന്‍ഷിപ്പുകളില്‍ പോലും പ്രണോയിക്ക് കിരീടം നേടാനായിട്ടില്ല. ഡിസംബറില്‍ സീസണ് അവസാനിക്കും. കൂടുതല്‍ പോയിന്റ് നേടുന്ന എട്ട് താരങ്ങളാണ് ഫൈനല്‍സില്‍ മല്‍സരിക്കുക.
സ്വിസ് ഓപ്പണിലെ രണ്ടാം സ്ഥാനവും, ഇന്തൊനീഷ്യ ഓപ്പണ്‍, മലേഷ്യ മാസ്റ്റേഴ്സ് ടൂര്‍ണമെന്റുകളിലെ സെമിപ്രവേശനവുമാണ് സീസണില്‍ പ്രണോയിയുടെ മികച്ച പ്രകടനങ്ങള്‍. നിലവില്‍ ബാഡ്മിന്റന്‍ ലോകറാങ്കിങ്ങില്‍ പതിനെട്ടാം സ്ഥാനത്തുള്ള എച്ച്.എസ്.പ്രണോയിയുടെ കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗതനേട്ടമാണ് വേള്‍ഡ് ടൂര്‍ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം.