By Web Desk.25 09 2022
ചെന്നൈ: ഓപ്പണര്‍ പൃഥ്വി ഷായും ക്യാപ്റ്റന്‍ സഞ്ജു സാംസണും തിളങ്ങിയ മത്സരത്തില്‍ ന്യൂസീലന്‍ഡ് എ ടീമിനെതിരായ രണ്ടാം മത്സരം നാലു വിക്കറ്റിന് ഇന്ത്യ എ ടീം സ്വന്തമാക്കി. രണ്ടാം ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ നേടി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 47 ഓവറില്‍ 219 റണ്‍സെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 34 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ എ വിജയലക്ഷ്യത്തിലെത്തി.
48 പന്തുകള്‍ നേരിട്ട പൃഥ്വി ഷാ 77 റണ്‍സെടുത്തു പുറത്തായി. 11 ഫോറും മൂന്നു സിക്സുമാണ് പൃഥ്വി ഷാ അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇന്ത്യ എ ടീമിനു വേണ്ടി തിളങ്ങി. 35 പന്തുകളില്‍ നിന്ന് സഞ്ജു 37 റണ്‍സെടുത്തു.
ഋതുരാജ് ഗെയ്ക്വാദ് (34 പന്തില്‍ 30), ഷാര്‍ദൂല്‍ ഠാക്കൂര്‍ (24 പന്തില്‍ 25) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറര്‍മാര്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിനു വിജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം 27 ന് ചെന്നൈയില്‍.