'സൂര്യന്‍ വീണ്ടും തിളങ്ങി; ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

By Web Desk.20 11 2022

imran-azhar



മൗണ്ട് മോംഗനൂയി: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. മൗണ്ട് മോംഗനൂയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് (51 പന്തില്‍ പുറത്തായപ്പോള്‍ 111) തിളങ്ങി. സൂര്യയുടെ രണ്ടാം ടി20 സെഞ്ചുറിയാണിത്.

 

ടിം സൗത്തി ന്യൂസിലന്‍ഡിന് വേണ്ടി ഹാട്രിക്കോടെ മൂന്ന് വിക്കറ്റ് നേടി. ലോക്കി ഫെര്‍ഗൂസണ് രണ്ട് വിക്കറ്റുണ്ട്. മഴ ഇടയ്ക്ക് തടസപ്പെടുത്തിയ മത്സരത്തില്‍ പതിഞ്ഞ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണറായെത്തിയ റിഷഭ് പന്തിന്റെ (6) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ലോക്കി ഫെര്‍ഗൂസണാണ് വിക്കറ്റ്. പന്ത് തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചു. 13 പന്തുകളാണ് താരം നേരിട്ടത്. ഇതില്‍ ഒരു ബൗണ്ടറി മാത്രമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് നേടാനായത്. ലോക്കിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് റിഷഭ് മടങ്ങുന്നത്. പിന്നാലെ സൂര്യകുമാര്‍ ക്രീസിലേക്ക്.

 

ഇതിനിടെ ഇഷാന്‍ കിഷനും (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മടങ്ങി. 31 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. ഇഷ് സോധിയുടെ പന്തില്‍ ടിം സൗത്തിക്ക് ക്യാച്ച്. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്കും (13) അധികം ആയുസുണ്ടായിരുന്നില്ല. ലോക്കിയുടെ പന്തില്‍ ഹിറ്റ് വിക്കറ്റാവുകയായിരുന്നു താരം. എന്നാല്‍ ഒരറ്റത്ത് സൂര്യ പിടിച്ചുനിന്നു. ഏഴ് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്.

 

ഹാര്‍ദിക് പാണ്ഡ്യ (13) പിന്തുണ നല്‍കി. അവസാന ഓവറില്‍ പാണ്ഡ്യ, ദീപക് ഹൂഡ (0), വാഷിംഗ്ടണ്‍ സുന്ദര്‍ (0) എന്നിവരെ പുറത്താക്കി സൗത്തി ഹാട്രിക് പൂര്‍ത്തിയാക്കി. സൂര്യക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍ (1) പുറത്താവാതെ നിന്നു.

 

 

 

OTHER SECTIONS