ഇംഗ്ലണ്ടിന് 330 റണ്‍സ് വിജയലക്ഷ്യം: ധവാനും പന്തിനും ഹാര്‍ദിക്കും തിളങ്ങി

By Sports Desk.28 03 2021

imran-azhar

 

 പുനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 330 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ.

 

തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സിന് ഓള്‍ഔട്ടായി.

 

ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മധ്യ ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 350 കടക്കുമായിരുന്നു.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 14.4 ഓവറില്‍ 103 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 37 പന്തില്‍ നാല് ഫോറുകളടക്കം 37 റണ്‍സെടുത്ത രോഹിത്തിന് പുറത്താക്കി ആദില്‍ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

 

അധികം വൈകാതെ ധവാനെയും റഷീദ് മടക്കി. 56 പന്തില്‍ 10 ഫോറുകള്‍ സഹിതം 67 റണ്‍സെടുത്താണ് ധവാന്‍ മടങ്ങിയത്.

 

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഏഴു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വൈകാതെ കെ.എല്‍ രാഹുലിന്റെ (7) വിക്കറ്റും നഷ്ടമായ ഇന്ത്യ നാലിന് 157 എന്ന നിലയിലായി.

 

തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത് - ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ 250 കടത്തിയത്. അഞ്ചാം വിക്കറ്റില്‍ 99 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

 

62 പന്തില്‍ നിന്ന് നാലു സിക്സും അഞ്ചു ഫോറുമടക്കം 78 റണ്‍സെടുത്ത പന്തിനെ പുറത്താക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

 

ഹാര്‍ദിക് 44 പന്തില്‍ നിന്ന് നാലു സിക്സും അഞ്ചു ഫോറുമടക്കം 64 റണ്‍സെടുത്ത് പുറത്തായി.

 

ശാര്‍ദുല്‍ താക്കൂര്‍ 21 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. ക്രുനാല്‍ പാണ്ഡ്യ 25 റണ്‍സെടുത്ത് പുറത്തായി.

 

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദില്‍ റഷീദ് രണ്ടു വിക്കറ്റെടുത്തു.

 

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും നിര്‍ണാക മത്സരത്തിന് ഇറങ്ങിയത്. ഇന്ത്യ കുല്‍ദീപ് യാദവിനെ ഒഴിവാക്കി പകരം പേസര്‍ ടി.നടരാജനെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് നിരയില്‍ ടോം കറന് പകരം മാര്‍ക്ക് വുഡ് തിരിച്ചെത്തി.

 

 

 

OTHER SECTIONS