സിക്‌സര്‍: ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പര റെക്കോഡ് ബുക്കില്‍

By Sports Desk.29 03 2021

imran-azhar

 


പുനെ: ഇഷ്ടം പോലെ സിക്‌സറുകള്‍ പിറന്ന ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പര റെക്കോഡ് ബുക്കില്‍. നാലോ അതില്‍ കുറവോ മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന പരമ്പര എന്ന നിലയിലാണ് റെക്കോഡ് ബുക്കില്‍ ഇടംനേടിയത്.

 

ഞായറാഴ്ച ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ പരമ്പരയിലാകെ പിറന്ന സിക്‌സറുകളുടെ എണ്ണം 63 ആണ്.

 

14 സിക്‌സറുകളുമായി ജോണി ബെയര്‍‌സ്റ്റോയാണ് ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം.

 

ഋഷഭ് പന്ത് (11), ബെന്‍ സ്റ്റോക്ക്‌സ് (10), രോഹിത് ശര്‍മ്മ (8) എന്നിവരാണ് പിന്നാലെയുള്ളവര്‍. ഇതില്‍ പന്ത് വെറും രണ്ട് ഇന്നിങ്‌സില്‍ നിന്നാണ് 11 സിക്‌സറുകള്‍ നേടിയത്.

 

അവസാന ഓവര്‍ വരെ ആവേശം വിതച്ച പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പര (21) സ്വന്തമാക്കി.


ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.


83 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സാം കറന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചത്.

 

എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദിനൊപ്പവും ഒമ്പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡിനൊപ്പവും അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ടുകള്‍ തീര്‍ത്ത സാം കറന്‍ ഇന്ത്യയെ അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ നടരാജന്‍ ഇന്ത്യയ്ക്ക് ഏഴു റണ്‍സിന്റെ ജയം സമ്മാനിക്കുകയായിരുന്നു.

 

330 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 28 റണ്‍സെടുക്കുന്നതിനിടെ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ജേസന്‍ റോയിയെയും (14), ജോണി ബെയര്‍‌സ്റ്റോയേയും (1) പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.

 

പിന്നാലെ കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ബെന്‍ സ്റ്റോക്ക്സിനെ (35) നടരാജന്‍ പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ജോസ് ബട്ട്ലറെ (15) നിലയുറപ്പിക്കും മുമ്പ് ശാര്‍ദുല്‍ താക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

 

അഞ്ചാം വിക്കറ്റില്‍ ഡേവിഡ് മലാനും ലിയാം ലിവിങ്സ്റ്റണും ചേര്‍ന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

 

36 റണ്‍സെടുത്ത ലിവിങ്സ്റ്റണെ പുറത്താക്കി ശാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഡേവിഡ് മലാനെയും (50) മടക്കിയ താക്കൂര്‍ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.

 

എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദിനെ കൂട്ടുപിടിച്ച് സാം കറന്‍ 57 റണ്‍സ് ചേര്‍ത്തു. 19 റണ്‍സെടുത്ത റഷീദിനെ പുറത്താക്കി ശാര്‍ദുലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

 

14 റണ്‍സെടുത്ത മാര്‍ക്ക് വുഡ് അവസാന ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു.

 

ഇന്ത്യയ്ക്കായി ശാര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റെടുത്തു.

 


നേരത്തെ തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.

 


ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മധ്യ ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 350 കടക്കുമായിരുന്നു.

 


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 14.4 ഓവറില്‍ 103 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 37 പന്തില്‍ നാല് ഫോറുകളടക്കം 37 റണ്‍സെടുത്ത രോഹിത്തിന് പുറത്താക്കി ആദില്‍ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

 


അധികം വൈകാതെ ധവാനെയും റഷീദ് മടക്കി. 56 പന്തില്‍ 10 ഫോറുകള്‍ സഹിതം 67 റണ്‍സെടുത്താണ് ധവാന്‍ മടങ്ങിയത്.

 


പിന്നാലെയെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഏഴു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വൈകാതെ കെ.എല്‍ രാഹുലിന്റെ (7) വിക്കറ്റും നഷ്ടമായ ഇന്ത്യ നാലിന് 157 എന്ന നിലയിലായി.

 


തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത് - ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ 250 കടത്തിയത്. അഞ്ചാം വിക്കറ്റില്‍ 99 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

 


62 പന്തില്‍ നിന്ന് നാലു സിക്സും അഞ്ചു ഫോറുമടക്കം 78 റണ്‍സെടുത്ത പന്തിനെ പുറത്താക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

 

ഹാര്‍ദിക് 44 പന്തില്‍ നിന്ന് നാലു സിക്സും അഞ്ചു ഫോറുമടക്കം 64 റണ്‍സെടുത്ത് പുറത്തായി.

 

ശാര്‍ദുല്‍ താക്കൂര്‍ 21 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. ക്രുനാല്‍ പാണ്ഡ്യ 25 റണ്‍സെടുത്ത് പുറത്തായി.

 

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദില്‍ റഷീദ് രണ്ടു വിക്കറ്റെടുത്തു.

 

 

OTHER SECTIONS