ബെയര്‍സ്റ്റോ-ബെന്‍ സ്റ്റോക്ക്സ് സഖ്യത്തിന്റെ പടയോട്ടം; ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം

By Sports Desk.26 03 2021

imran-azhar

 


പുനെ: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മിന്നുന്ന ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 43.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കൈയിലൊതുക്കി.

 

സെഞ്ചുറി നേടിയ ജോണി ബെയര്‍സ്റ്റോയും ഒരു റണ്ണകലെ സെഞ്ചുറി നഷ്ടമായ ബെന്‍ സ്റ്റോക്ക്സുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്പികള്‍.

 

ഇന്നത്തെ വിജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി. ഞായറാഴ്ചയാണ് അവസാന മത്സരം. അവസാന മത്സരത്തിലെ വിജയി പരമ്പര സ്വന്തമാക്കും.

 

337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ജോണി ബെയര്‍സ്റ്റോ - ജേസണ്‍ റോയി ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. 16.3 ഓവറില്‍ 110 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 52 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 55 റണ്‍സെടുത്ത റോയ് റണ്ണൗട്ടാകുകയായിരുന്നു.

 

തുടര്‍ന്നാണ് ബെയര്‍സ്റ്റോ - ബെന്‍ സ്റ്റോക്ക്സ് സഖ്യത്തിന്റെ തകര്‍പ്പന്‍ പ്രകടനം. രണ്ടാം വിക്കറ്റില്‍ 175 റണ്‍സ് ചേര്‍ത്ത ഈ സഖ്യമാണ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്.

 

52 പന്തില്‍ നിന്ന് 10 സിക്സും നാലു ഫോറുമടക്കം 99 റണ്‍സെടുത്ത സ്റ്റോക്ക്സിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സെഞ്ചുറി ഒരു റണ്ണകലെ നഷ്ടമായ സ്റ്റോക്ക്സ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയ ശേഷമാണ് പുറത്തായത്.

 

തൊട്ടുപിന്നാലെ 112 പന്തില്‍ നിന്ന് ഏഴു സിക്സും 11 ഫോറുമടക്കം 124 റണ്‍സുമായി ബെയര്‍സ്റ്റോ മടങ്ങി. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ്.

 

ക്യാപ്റ്റന്‍ ജോസ് ബട്ട്ലറെയും പ്രസിദ്ധ് വന്നയുടന്‍ പൂജ്യത്തില്‍ മടക്കി. എന്നാല്‍ ഡേവിഡ് മലാനും (16*) ലിയാം ലിവിങ്സ്റ്റണും (27*) ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു.

 

സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി, ഋഷഭ് പന്ത് എന്നിവരുടെയും ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

 

114 പന്തുകള്‍ നേരിട്ട രാഹുല്‍ രണ്ട് സിക്സും ഏഴ് ഫോറുമടക്കം 108 റണ്‍സെടുത്തു.

 

ഇന്ത്യയുടെ സ്‌കോര്‍ ഒമ്പതിലെത്തിയപ്പോള്‍ തന്നെ ശിഖര്‍ ധവാന്റെ (4) വിക്കറ്റ് നഷ്ടമായി. പിന്നാലെ രോഹിത്തിനെ സാം കറന്‍ പുറത്താക്കി. 25 പന്തില്‍ നിന്ന് അഞ്ചു ഫോറുകളടക്കം 25 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്.

 

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കോലി-രാഹുല്‍ സഖ്യമാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ 121 റണ്‍സാണ് ഈ സഖ്യം ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്.

 

79 പന്തില്‍ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 66 റണ്‍സെടുത്ത കോലിയെ പുറത്താക്കി ആദില്‍ റഷീദ് കോലി-രാഹുല്‍ കൂട്ടുകെട്ട് തകര്‍ത്തു.

 

തുടര്‍ന്നെത്തിയ രാഹുല്‍ - ഋഷഭ് പന്ത് സഖ്യം ടീമിനായി വെടിക്കെട്ടാണ് നടത്തിയത്. നാലാം വിക്കറ്റില്‍ 113 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടിയതിനു പിന്നാലെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ രാഹുല്‍ പുറത്തായി.

 

വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഋഷഭ് പന്ത് 40 പന്തുകള്‍ നേരിട്ട് ഏഴു സിക്സും മൂന്നു ഫോറുമടക്കം 77 റണ്‍സെടുത്തു.

 

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ സ്‌കോര്‍ 336-ല്‍ എത്തിച്ചത്. 16 പന്തുകള്‍ നേരിട്ട ഹാര്‍ദിക് നാലു സിക്സടക്കം 35 റണ്‍സെടുത്തു. ക്രുനാല്‍ പാണ്ഡ്യ 12 റണ്‍സുമായി പുറത്താകാതെ നിന്നു.

 

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് ഋഷഭ് പന്തിന് അവസരം ലഭിച്ചത്. ഇംഗ്ലണ്ട് ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. പരിക്കേറ്റ ഓയിന്‍ മോര്‍ഗന് പകരം ഡേവിഡ് മലാന്‍ ടീമിലെത്തി. സാം ബില്ലിങ്‌സിന് പകരം ലിയാം ലിവിങ്സ്റ്റണും മാര്‍ക്ക് വുഡിന് പകരം റീസ് ടോപ്ലിയും ഇടംനേടി.

 

 

OTHER SECTIONS