മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം

By Rajesh Kumar.25 02 2021

imran-azhar

 

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

 

ഇംഗ്ലണ്ട് ഉയര്‍ത്തിയ 49 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 7.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (25 പന്തില്‍ 25), ശുഭ്മാന്‍ ഗില്‍ (21 പന്തില്‍ 15) എന്നിവരാണ് വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചത്.

 

ഇതോടെ, നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ടെസ്റ്റ് ഇതേ വേദിയില്‍ മാര്‍ച്ച് നാലു മുതല്‍ നടക്കും.

 

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 81 റണ്‍സിന് ഇന്ത്യ പുറത്താക്കി.

 

32 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും 48 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനും ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞു.

 

ഇന്ത്യയുടെ 33 റണ്‍സ് ലീഡ് മറികടക്കാനായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നഷ്ടമായി.ആദ്യ ഓവറിലെ ആദ്യ പന്തില്‍ സാക്ക് ക്രോളിയെ (0) അക്ഷര്‍ മടക്കി. മൂന്നാം പന്തില്‍ ബെയര്‍‌സ്റ്റോയെയും (0) അക്ഷര്‍ വീഴ്ത്തി. ഇരുവരെയും അക്ഷര്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.

 

പിന്നീട് ചേര്‍ന്ന സിബ്ലി-റൂട്ട് സഖ്യത്തില്‍ സ്‌കോര് 19 ല്‍ നില്‍ക്കേ ഏഴു റണ്‍സെടുത്ത സിബ്ലിയെ അക്ഷര്‍ പുറത്താക്കി.

 

പിന്നീട് ക്രീസിലെത്തിയ ബെന്‍ സ്റ്റോക്‌സും ജോ റൂട്ടും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. എന്നാല്‍, സ്‌കോര്‍ 50 ല്‍ നില്‍ക്കെ 25 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

 

ജോ റൂട്ടിനൊപ്പം 31 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് സ്റ്റോക്‌സ് പുറത്തായത്. പിന്നാലെ റൂട്ടിനും അടിതെറ്റി. 19 റണ്‍സെടുത്ത ജോ റൂട്ടിനെ അഞ്ചര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

 

പിന്നീട് വന്ന ഒലി പോപ്പ് 12 റണ്‍സെടുത്തെങ്കിലും, അശ്വിന് ബൗള്‍ഡാക്കി. പിന്നാലെ വന്ന ആര്‍ച്ചറെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന് ടെസ്റ്റില്‍ 400 വിക്കറ്റ് നേട്ടം ആഘോഷിച്ചു.

 

ഒടുവില്‍ ഇംഗ്ലണ്ടിന്റെ അവസാന ബാറ്റിങ് പ്രതീക്ഷയായ ബെന്‍ ഫോക്‌സിനെ മടക്കി അക്ഷര്‍ പട്ടേല് രണ്ടാം ഇന്നിങ്‌സിലും അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു.

 

അധികം വൈകാതെ അശ്വിന് ജാക്ക് ലീച്ചിനെയും വാഷിങ്ടണ്‍ സുന്ദര്‍ ജെയിംസ് ആന്‍ഡേഴ്‌സനെയും പറഞ്ഞയച്ച് ഇംഗ്ലണ്ടിനെ 81 റണ്‍സില്‍ തളച്ചിട്ടു.

 

 

OTHER SECTIONS