ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി ബാര്‍ബറ ക്രെജിക്കോവ; ചരിത്രനേട്ടം സ്വന്തമാക്കി ചെക്ക് താരം

By Web Desk.12 06 2021

imran-azhar

 


പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്ക് താരം ബാര്‍ബറ ക്രെജിക്കോവ സ്വന്തമാക്കി. ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പവ്‌ലുചെങ്കോവയെ പരാജയപ്പെടുത്തിയാണ് ചെക്ക് താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടനേട്ടം.

 

40 വര്‍ഷത്തിന് ശേഷം റോളണ്ട് ഗാരോസില്‍ കിരീടം നേടുന്ന ചെക്ക് വനിതാ താരമാണ് ക്രെജിക്കോവ. 1981-ല്‍ ഹന മന്ദ്‌ലികോവയാണ് ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയ ചെക്ക് വനിതാ താരം. അന്ന് ചെക്കോസ്ലോവാക്യയെയാണ് ഹന മന്ദ്‌ലികോവ പ്രതിനിധീകരിച്ചത്.

 

സീഡില്ലാ താരമായ ക്രെജിക്കോവ 31-ാം സീഡുകാരിയായ പവ്‌ലുചെങ്കോവയ്‌ക്കെതിരേ മികച്ച പോരാട്ടമാണ് നടത്തിയത്. ആദ്യ സെറ്റ് ചെക്ക് താരം അനായാസം നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചടി നേരിട്ടു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ പവ്‌ലുചെങ്കോവയെ തുരത്തി ചരിത്രത്തിലേക്ക് ക്രെജിക്കോവ റാക്കറ്റ് വീശി. സ്‌കോര്‍: 6-1,2-6,6-4.

 

 

 

 

OTHER SECTIONS