താരമായി കെയ്ല്‍ ജമെയ്‌സണ്‍; തിരുത്തിയത് 80 വര്‍ഷം പഴക്കമുള്ള റെക്കോഡ്

By Sports Desk.20 06 2021

imran-azhar

 

 


സതാംപ്റ്റണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ താരമായി ന്യൂസീലന്റ് പേസ് ബൗളര്‍ കെയ്ല്‍ ജമെയ്‌സണ്‍. മൂന്നാം ദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റേയും വിക്കറ്റുകള്‍ വീഴ്ത്തി ജമെയ്‌സണ്‍ 80 വര്‍ഷത്തോളം പഴക്കമുള്ള റെക്കോഡ് തകര്‍ത്തു.

 


ടെസ്റ്റിന്റെ മൂന്നാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ കോലിയെ കിവീസ് പേസര്‍ തിരിച്ചയച്ചു. ജമെയ്‌സണ്‍ എറിഞ്ഞ പന്ത് കോലിയുടെ ഫ്രണ്ട് പാഡില്‍ തട്ടി ബാക്ക് ലെഗിലെത്തി എല്‍ബിഡബ്ല്യുവായി.

 

ആറു ഓവറിന് ശേഷം ഋഷഭ് പന്തും ക്രീസ് വിട്ടു. ജമെയ്‌സണ്‍ന്റെ പന്തില്‍ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ടോം ലാഥത്തിന്റെ കൈകളിലെത്തി. ഇതോടെ ഈ ഉയരക്കാരന്‍ കിവി പേസറുടെ അക്കൗണ്ടില്‍ 42 ടെസ്റ്റു വിക്കറ്റുകളെത്തി. ഒപ്പം 80 വര്‍ഷത്തോളം പഴക്കമുള്ള ഒരു റെക്കോഡും താരം തിരുത്തി.

 

കരിയറിലെ ആദ്യത്തെ എട്ടു ടെസ്റ്റ് മത്സരങ്ങള്‍ക്കുശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന കിവീസ് താരമെന്ന റെക്കോഡാണ് ജമെയ്‌സണ്‍ സ്വന്തമാക്കിയത്. 1937-1949 കാലഘട്ടത്തില്‍ ന്യൂസീലന്റിനായി കളിച്ച ജാക്ക് കൊവിയുടെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്. 41 വിക്കറ്റാണ് ആദ്യ എട്ടു ടെസ്റ്റ് മത്സരങ്ങളില്‍ ജാക്ക് കൊവി നേടിയത്.

 

മത്സരത്തില്‍ ജമെയ്‌സണ്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജമെയ്‌സണ്‍ന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്.

 

 

 

 

OTHER SECTIONS