സ്വപ്‌നം ഒളിമ്പിക് സ്വര്‍ണം; 'ലക്ഷ്യ'ത്തിലേക്കുള്ള യാത്രയില്‍ ലക്ഷ്യ സെന്‍

By RK.16 01 2022

imran-azhar


'ഇന്ത്യയ്ക്കായി ഒരു ഒളിംപിക് സ്വര്‍ണമാണ് എന്റെ സ്വപ്നം. ലോക റാങ്കിങ്ങില്‍ ഒന്നാമനാവുകയെന്ന ലക്ഷ്യവും മനസ്സിലുണ്ട്. ലോക ബാഡ്മിന്റന്‍ ഫെഡറേഷന്റെ സീരീസുകളില്‍ മികച്ച പ്രകടനവും ലക്ഷ്യമാണ്...' ഒരു അഭിമുഖത്തില്‍ ബാഡ്മിന്റന്‍ താരം ലക്ഷ്യ സെന്‍ പറഞ്ഞതാണിത്. വലിയ സ്വപ്‌നങ്ങളുള്ള ചെറുപ്പക്കാരന്‍.

 

ആ സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ് അയാള്‍. മഹത്തായ ലക്ഷ്യത്തിലേക്കുള്ള ആ കഠിനമായ ആ യാത്രയില്‍ അയാള്‍ ഒരു വലിയ നേട്ടം കൈപ്പിടിയിലൊതുക്കുക തന്നെ ചെയ്തു. ഇന്ത്യ ഓപ്പണ്‍ കിരീടം!

 

ലോക ചാമ്പ്യന്‍ ലോഹ് കീന്‍ യെവിനെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് ഇന്ത്യ ഓപ്പണ്‍ കിരീടം ലക്ഷ്യ സെന്‍ സ്വന്തമാക്കിയത്. ആദ്യ ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പൊരുതി. അവസാന നിമിഷം ലക്ഷ്യ വിജയം പിടിച്ചെടുത്തു.

 

ഉത്തരാഖണ്ഡിലെ അല്‍മോറയില്‍, ഒരു 'ബാഡ്മിന്റന്‍ ഫാമിലി'യില്‍ 2001 ഓഗസ്റ്റ് 16 നാണ് ജനനം. മുത്തച്ഛന്‍ ബാഡ്മിന്റന്‍ കളിക്കാരനായിരുന്നു. അച്ഛന്‍ ഡി.കെ.സെന്‍ ബാഡ്മിന്റന്‍ പരിശീലകനാണ്. ചേട്ടന്‍ ചിരാഗ് ദേശീയ താരമാണ്. അമ്മ സ്‌കൂള്‍ അധ്യാപികയാണ്.

 

'വീട്ടിലെ ഞങ്ങളുടെ പ്രധാന സംസാരവിഷയംപോലും ബാഡ്മിന്റനാണ്. ഇവരെല്ലാമാണ് എന്റെ കൈയില്‍ റാക്കറ്റ് തന്നത്.' ഒരു അഭിമുഖത്തില്‍ ലക്ഷ്യ പറഞ്ഞിട്ടുണ്ട്.

 

പ്രകാശ് പദുകോണാണ് ലക്ഷ്യയുടെ പരിശീലകന്‍. 1983 ല്‍ 28 ാം വയസ്സിലാണ് ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി ആ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡിട്ടത്. ലക്ഷ്യ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടുമ്പോള്‍ പ്രായം വെറും 20.

 

ബെംഗളൂരുവിലെ പ്രകാശ് പദുക്കോണ്‍ അക്കാദമിയില്‍ പദുക്കോണിന്റെയും മലയാളി ഒളിംപ്യന്‍ യു. വിമല്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെയും ശിക്ഷണത്തിലാണ് കഴിഞ്ഞ 11 വര്‍ഷമായി ലക്ഷ്യയുടെ പരിശീലനം.

 

ഇപ്പോഴിതാ സ്വപ്‌ന യാത്രയില്‍ നേട്ടത്തിന്റെ ഒരു പൊന്‍തൂവല്‍ കൂടി ലക്ഷ്യ ചൂടിയിരിക്കുന്നു. ഇനിയും കാത്തിരിക്കാം, ലക്ഷ്യ വലിയ സ്വപ്‌നങ്ങള്‍ കീഴടക്കുന്നതിനായി...

 

 

 

OTHER SECTIONS