By priya.10 06 2023
പാരിസ്: പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. മൂന്നാം ജംപിലെ 8.09 മീറ്റര്‍ ചാട്ടമാണ് ശ്രീശങ്കറിനെ ചരിത്രനേട്ടത്തിന് അര്‍ഹനാക്കിയത്.
നീരജ് ചോപ്രയ്ക്ക് ശേഷം ഡയമണ്ട് ലീഗില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമാണ് ശ്രീശങ്കര്‍. ഇന്ത്യ ആദ്യമായാണ് ജംപ് ഇനങ്ങളില്‍ മെഡല്‍ നേടുന്നത്.ഒളിംപിക്‌സ് ചാംപ്യനായ ഗ്രീസ് താരം മില്‍ത്തിയാദിസ് തെന്റഗ്ലൂ 8.13 മീറ്റര്‍ ചാടി ഒന്നാം സ്ഥാനവും 8.11 മീറ്റര്‍ ചാടിയ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സൈമണ്‍ ഇഹാമര്‍ രണ്ടാം സ്ഥാനവും നേടി.
ആദ്യ രണ്ടു ശ്രമങ്ങളില്‍ യഥാക്രമം 7.79 മീറ്റര്‍, 7.94 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ശ്രീശങ്കര്‍ ചാടിയത്. മൂന്നാം ശ്രമത്തില്‍ 8.09 മീറ്റര്‍ ചാടി പട്ടികയില്‍ ഒന്നാമതാകുന്നത്.
എന്നാല്‍ നാലാം ശ്രമത്തില്‍ 8.11 മീറ്റര്‍ ചാടിയ സൈമണ്‍ ഇഹാമര്‍, ശ്രീശങ്കറിനെ മറികടന്നു. അഞ്ചാം ശ്രമത്തില്‍ 8.13 മീറ്റര്‍ ചാടിയ മില്‍ത്തിയാദിസ് തെന്റഗ്ലൂ സ്വര്‍ണം ഉറപ്പിച്ചു.
ശ്രീശങ്കറിന്റെ നാലാമത്തെയും ആറാമത്തെയും ചാട്ടങ്ങള്‍ ഫൗളായി. അഞ്ചാം ശ്രമത്തില്‍ 7.99 മീറ്ററാണ് ശ്രീശങ്കര്‍ ചാടിയത്.പാരിസ് ഡയമണ്ട് ലീഗില്‍ ഇത്തവണ പങ്കെടുത്ത ഏക ഇന്ത്യന്‍ താരമാണ് ശ്രീശങ്കര്‍.
ഡയമണ്ട് ലീഗില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയ മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് എം. ശ്രീശങ്കര്‍. ഡിസ്‌കസ്‌ത്രോ താരം വികാസ് ഗൗഡയും നേട്ടം കൈവരിച്ചിട്ടുണ്ട്. കരിയറിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് മത്സരത്തിലാണ് ശ്രീശങ്കര്‍ മൂന്നാം സ്ഥാനം കൈവരിച്ചത്.