By Ameena Shirin s.23 06 2022
ദേശീയ ജഴ്സിയിൽ 15 വർഷം പൂർത്തിയാക്കി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരം രോഹിത് ശർമ. ഇതേ ദിവസം 2007ൽ അയർലൻഡിനെതിരായ ഏകദിന മത്സരത്തിലാണ് രോഹിത് ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്.
ഇന്ത്യൻ ജഴ്സിയിൽ ഒന്നര പതിറ്റാണ്ട് പൂർത്തിയാക്കിയ വിവരം രോഹിത് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു.‘ഇന്ത്യൻ ജഴ്സിയിൽ 15 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ജീവിതത്തിലുടനീളം താലോലിക്കുന്ന ഓർമകളാണിത്.
ഈ യാത്രയിൽ പങ്കായവർക്കും നല്ല ഒരു കളിക്കാരനാവാൻ എന്നെ സഹായിച്ചവർക്കും നന്ദി അറിയിക്കുന്നു. ആരാധകരോടും വിമർശകരോടും ക്രിക്കറ്റ് പ്രിയരോടും, നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് പ്രതിബന്ധങ്ങൾ മറികടക്കാൻ സഹായിക്കുന്നത്. നന്ദി അറിയിക്കുന്നു’- ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ രോഹിത് അറിയിച്ചു.
അതേസമയം, ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന് നടക്കും. കൗണ്ടി ക്ലബായ ലെസെസ്റ്റെർഷയറിനെതിരെ ഇന്ന് വൈകിട്ട് 3.30നാണ് ചതുർദിന മത്സരം ആരംഭിക്കുക. നാല് ഇന്ത്യൻ താരങ്ങൾ ലെസെസ്റ്റെർഷയറിനായി കളിക്കും.
കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായ വിരാട് കോലി ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. കൊവിഡ് ബാധിച്ച സ്പിന്നർ ആർ അശ്വിൻ ഇംഗ്ലണ്ടിലെത്തിയിട്ടില്ല. താരം ആദ്യ ടെസ്റ്റിനു മുൻപ് എത്തുമെന്നാണ് കരുന്നത് .
ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നീ താരങ്ങളാണ് ലെസെസ്റ്റെർഷയറിനായി കളിക്കുന്ന ഇന്ത്യൻ താരങ്ങൾ. മറ്റ് താരങ്ങൾ ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങും. ജൂലായ് ഒന്നിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം നടക്കുക.
ഈ മാസാവസാനം മറ്റൊരു സംഘം അയർലൻഡിനെതിരായ ടി-20 പരമ്പര കളിക്കും. പരമ്പരയ്ക്കുള്ള ടീം ഈ മാസം 23നോ 24നോ ഡബ്ലിനിലേക്ക് തിരിക്കും. 26, 28 തീയതികളിലായാണ് മത്സരങ്ങൾ.