ചാമ്പ്യന്‍സ് ലീഗില്‍ കരുത്തര്‍ വീണു, ബയേണിനും ചെല്‍സിക്കും യുവന്റസിനും ജയം

By RK.15 09 2021

imran-azhar

 


ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഇയില്‍ എഫ് സി ബാഴ്സലോണയ്ക്കും ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആദ്യ മത്സരത്തില്‍ത്തന്നെ ഞെട്ടിപ്പിക്കുന്ന തോല്‍വി. ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, യുവന്റസ് എന്നീ ടീമുകള്‍ വിജയം സ്വന്തമാക്കി.

 

ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കാണ് ബാഴ്സയെ തകര്‍ത്തത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം. സൂപ്പര്‍ താരം റോബര്‍ട്ട് ലെവെന്‍ഡോവ്സ്‌കി ഇരട്ട ഗോളുകള്‍ നേടി. തോമസ് മുള്ളറും ലക്ഷ്യം കണ്ടു.

 

സ്വിസ് ക്ലബ്ബ് യങ് ബോയ്സാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. 13 ാം മിനിട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്.

 

35 ാം മിനിട്ടില്‍ പ്രതിരോധതാരം ആരോണ്‍ വാന്‍ ബിസ്സാക്ക ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് തിരിച്ചടിയായി. മുന്നേറ്റ താരങ്ങളെ പിന്‍വലിച്ച് പ്രതിരോധ താരങ്ങളെയാണ് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ കൊണ്ടുവന്നത്. ഇതോടെയാണ് ടീം പതറിയത്.

 

രണ്ടാം പകുതിയില്‍ 66 ാം മിനിട്ടില്‍ മൗമി എന്‍ഗാമെല്യുവിലൂടെ യങ്ബോയ്സ് സമനില ഗോള്‍ കണ്ടെത്തി. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ തിയോസണ്‍ സിയേബച്യു യങ്ബേയ്സിനായി വിജയ ഗോള്‍ നേടി.

 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അത്ലാന്റയെ വിയ്യാറയല്‍ സമനിലയില്‍ കുരുക്കി.

 

ഗ്രൂപ്പ് എച്ചില്‍ റഷ്യന്‍ ക്ലബ്ബ് സെനീതിനെതിരെ ഏക പക്ഷീയമായ ഒരു ഗോളിന് ചെല്‍സി പരാജയപ്പെടുത്തി. ലുക്കാക്കുവാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ഗ്രൂപ്പ് ജിയില്‍ സെവിയ-റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് മത്സരം ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

 

ഗ്രൂപ്പ് എച്ചില്‍ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാല്‍മോയെ തകര്‍ത്തു. അലെക്സ് സാന്‍ഡ്രോ, പൗലോ ഡിബാല, അല്‍വാരോ മൊറാട്ട എന്നിവര്‍ ടീമിനായി ഗോള്‍ നേടി.

 

 

 

 

 

 

OTHER SECTIONS