By parvathyanoop.17 08 2022
ജനപ്രിയ ഒടിടി സേവനമായ നെറ്റ്ഫ്‌ലിക്‌സ് ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉപഭോക്താക്കള്‍ പാസ്വേഡ് പങ്കിടുന്നത് സംബന്ധിച്ചാണ്.ഇത് തടയാന്‍ ഉളള പുതിയ പരീക്ഷണത്തിലാണ് കമ്പനി.ഇതിനായി പുതിയൊരു മാര്‍ഗം കണ്ടെത്തി കമ്പനി പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ചിലി, കോസ്റ്ററിക്ക, പെറു എന്നിവിടങ്ങളിലാണ് നിലവില്‍ പരീക്ഷണം നടത്തുന്നത്.
വരിക്കാരുടെ എണ്ണം കുറഞ്ഞതോടെ നാല് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ട് നെറ്റ്ഫ്‌ലിക്‌സ്. പതിറ്റാണ്ടിനിടെ ആദ്യമായാണ് വരിക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത്. ലോകത്തിലെ മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോമുകളിലൊന്നാണ് നെറ്റ്ഫ്‌ലിക്‌സ്.ഏതാണ്ട് 300 പേര്‍ക്കാണ് ജോലി നഷ്ടമായത്.
Add extra member എന്ന ഓപ്ഷനാണ് പുതിയതായി ചേര്‍ത്തിരിക്കുന്നത്. നിങ്ങള്‍ പാസ്വേഡ് ഷെയര്‍ ചെയ്ത അടുത്ത വ്യക്തിക്ക് പുതിയ ഓപ്ഷന്‍ ഉപയോഗിച്ച് മാത്രമേ നെറ്റ്ഫ്‌ളിക്‌സ് കാണാന്‍ സാധിക്കൂ. എന്നാല്‍ ഈ ഓപ്ഷന്‍ ഉപയോഗിക്കണമെങ്കില്‍ പണമടക്കണമെന്ന് ആവശ്യപ്പെടും. ഇത്തരത്തില്‍ സൗജന്യ പാസ്വേഡ് ഷെയറിംഗ് നിര്‍ത്തലാക്കാമെന്നാണ് കമ്പനി കരുതുന്നത്.
ഇന്ത്യയില്‍ ഇതുവരെ നെറ്റ്ഫ്‌ളിക്‌സ് പുതിയ ഓപ്ഷന്‍ കൊണ്ടുവന്നിട്ടില്ല. ഇത് എല്ലാ രാജ്യങ്ങളിലും പ്രാവര്‍ത്തികമാക്കിയാല്‍ പാസ്വേഡ് പങ്കുവെച്ച് സൗജന്യമായി കാണാനുള്ള അവസരം പൂര്‍ണമായും നഷ്ടപ്പെടും.സമാനരീതിയില്‍ Add a home എന്ന ഓപ്ഷന്‍ കൊണ്ടുവരാനും നെറ്റ്ഫ്‌ളിക്‌സ് ആലോചിക്കുന്നുണ്ട്. ഇതിന് നെറ്റ്ഫ്‌ളിക്‌സ് പണം ഈടാക്കും. ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ add a home ഓപ്ഷന്‍ ഉപയോഗിക്കുന്നതിന് ഈടാക്കുന്ന തുകയെത്രയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ഈ വര്‍ഷം അവസാനത്തോടെ അക്കൗണ്ട് ഉപയോഗിക്കുന്ന എല്ലാവരില്‍ നിന്നും പണമീടാക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് നെറ്റ്ഫ്‌ളിക്‌സ് തീരുമാനിച്ചിരിക്കുന്നത്.കുറഞ്ഞവിലയിലുള്ള സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ പരീക്ഷിക്കുമെന്നും അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു. പരസ്യങ്ങള്‍ ചേര്‍ത്താണ് ഇത് നടപ്പിലാക്കുക. നിലവില്‍ നെറ്റ്ഫ്‌ളിക്‌സില്‍ പരസ്യങ്ങളില്ല.
എന്നാല്‍ കമ്പനിയുടെ ഓഹരിവിലയില്‍ കനത്ത ഇടിവ് സംഭവിച്ചതോടെ പരസ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുതിയ ഓഹരികള്‍ തിരിച്ചുപിടിക്കാന്‍ കമ്പനി ശ്രമിക്കുകയാണ്. 2022 ആരംഭത്തില്‍ വലിയ നഷ്ടമായിരുന്നു നെറ്റ്ഫ്‌ളിക്‌സ് നേരിട്ടത്. രണ്ട് ലക്ഷം വരിക്കാരെ നെറ്റ്ഫ്‌ളിക്‌സിന് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാസ്വേഡ് സൗജന്യമായി പങ്കുവെക്കുന്നതാണ് ഇതിന് കാരണമെന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ വിലയിരുത്തല്‍.