By Greeshma Rakesh.20 09 2023
കൊച്ചി: സൈബര്‍ സുരക്ഷയ്ക്കായി കേരള പോലീസ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സായ കൊക്കൂണിന്റെ പതിനാറാം എഡിഷന്‍ ഒക്ടോബര്‍ 6 മുതല്‍ ഏഴ് വരെ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കും.
ഇതിന് മുമ്പ് ഒക്ടോബര്‍ നാല്, അഞ്ച് തീയ്യതികളിലായി പ്രത്യേക വര്‍ക്ക്‌ഷോപ്പ് നടക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വാര്‍ഷിക അന്തര്‍ദേശീയ സൈബര്‍ സുരക്ഷാ, ഡാറ്റാ പ്രൈവസി, ഹാക്കിങ് കോണ്‍ഫറന്‍സ് ആണ് കോക്കൂണ്‍.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ഇത്തവണത്തെ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകനായി എത്തുന്നുണ്ട്. ചന്ദ്രയാനും, ആദിത്യ എല്‍ 1 ഉള്‍പ്പെടെയുളള ബഹിരാകാശ രംഗത്തെ രാജ്യം കൈവരിച്ച നേട്ടവും, ഇവയ്ക്കുള്ള സൈബര്‍ സുരക്ഷയ്ക്ക് വേണ്ട പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കോണ്‍ഫറന്‍സില്‍ പ്രതികരിക്കും.
5,150, 5,579, 6,899, 16,200, 18,200, 22,700 എന്നിങ്ങനെയാണ് വ്യത്യസ്ത ടിക്കറ്റ് നിരക്കുകള്‍. ഡേറ്റാ സുരക്ഷ, സംരക്ഷണം, സ്വകാര്യത എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും പഠനവും അവ പ്രചരിപ്പിക്കാന്‍ അവസരവുമൊരുക്കുന്നതാണ് കൊക്കൂണ്‍. ആഗോള തലത്തില്‍ നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളിലെ പുതിയ ട്രെന്‍ഡുകളെ കുറിച്ചും ഇവിടെ ചര്‍ച്ചകള്‍ നടക്കും.
രാജ്യത്തെ വളരെ പ്രത്യേക സാങ്കേതിക ഇന്റലിജന്‍സ് ശേഖരണ ഏജന്‍സിയായ നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ചെയര്‍മാന്‍ അരുണ്‍കുമാര്‍ സിന്‍ഹ ഐപിഎസും മുഖ്യപ്രഭാഷകനായി പങ്കെടുക്കും. റിമോട്ട് സെന്‍സിംഗ്, SIGINT , ഡാറ്റ ശേഖരണവും പ്രോസസ്സിംഗും, സൈബര്‍ സുരക്ഷ, ജിയോസ്പേഷ്യല്‍ വിവര ശേഖരണം , ക്രിപ്റ്റോളജി, സ്ട്രാറ്റജിക് ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, സ്ട്രാറ്റജിക് മോണിറ്ററിംഗ് എന്നിവ ഉള്‍പ്പെടുന്ന ഒന്നിലധികം വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ ഏജന്‍സിയാണ് എന്‍ടിആര്‍ഒ.
സൈബര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സൈബര്‍ സുരക്ഷ അനിവാര്യമായ ബാങ്കിങ്, ആശുപത്രി ഉള്‍പ്പെടെയുള്ളമേഖലയില്‍ ജോലി ചെയ്യുന്നവര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയോജനകമാകുന്നതാണ് രണ്ട് ദിവസത്തെ വര്‍ക്ക് ഷോപ്പും, 2 ദിവസത്തെ കോണ്‍ഫന്‍സും. കോണ്‍ഫന്‍സിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും, രജിസ്‌ട്രേഷനും വേണ്ടി സന്ദര്‍ശിക്കാം. https://india.c0c0n.org/2023/home