By RK.11 09 2021
ചാറ്റുകളുടെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ ഒന്നുകൂടി വാട്‌സാപ്പ് പഴുതടയ്ക്കുന്നു. ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും ഇനി മുതല്‍ സ്റ്റോറേജില്‍ നിന്ന് വീണ്ടെടുക്കാനാവില്ല. ഇതിനുവേണ്ടി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് വാട്സാപ്പ്.
നിലവില്‍ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്ന് ഒരാള്‍ക്കോ വാട്സാപ്പിനോ കാണാന്‍ കഴിയില്ലെങ്കിലും സ്റ്റോറേജില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ കഴിയുമായിരുന്നു. സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുന്നത് അന്വേഷണ ഏജന്‍സികള്‍ക്കും സര്‍ക്കാരുകള്‍ക്കും തിരിച്ചടിയാവും.
ഒരു പാസ്വേര്‍ഡ് സംവിധാനത്തിലൂടെയാകും പുതിയ എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുക. പുതിയ സര്‍വീസ് ലോഞ്ചിനിടെ കേസന്വേഷണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത് തിരിച്ചടിയാകുന്നതിനേക്കുറിച്ച് വാട്സാപ്പ് സി.ഇ.ഒ പറഞ്ഞത്, ഇത്തരം കാര്യങ്ങളിലെ സുരക്ഷ എല്ലാ മേഖലയിലും പ്രധാനമാണ്, കാരണം സ്മാര്‍ട് ഫോണുകളും ഡിവൈസുകളും മനുഷ്യന് ഇന്ന് അത്രത്തോളം പ്രാധാന്യമുള്ളതാണെന്നാണ്. ചില രാജ്യങ്ങള്‍ ഇത്രയും സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ നല്‍കുക എന്നതാണ് കമ്പനിയെ സംബന്ധിച്ച് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാറ്റ് ബാക്ക്അപ്പ് ചെയ്യുന്നതില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുന്നതിലൂടെ മീഡിയ, ചാറ്റുകള്‍ എന്നിവ ഗൂഗിള്‍ ഡ്രൈവ്സേ, ഐ ക്ലൗഡ് എന്നിവിടങ്ങളില്‍ നിന്ന് വീണ്ടെടുക്കാന്‍ കഴിയില്ല. ഒരു എന്‍ക്രിപ്ഷന്‍ കീയുടേയോ പാസ് വേര്‍ഡിന്റെയോ സഹായത്തോടെ ഈ സേവനം ഉപയോക്താവിന് ലഭ്യമാകും.
പുതിയ സര്‍വീസ് നടപ്പിലാക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഭാഗമായിട്ടാണ്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പുതിയ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.