/kalakaumudi/media/media_files/2025/10/15/pak-3-2025-10-15-17-50-54.jpg)
ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ - പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരു സൈന്യങ്ങളും ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്നു രാവിലെയുണ്ടായ ശക്തമായ വെടിവയ്പില്‍ ഇരുഭാഗത്തുമായി നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ താലിബാന്‍ സൈന്യം പാക്ക് സൈന്യത്തിന്റെ നിരവധി അതിര്‍ത്തി പോസ്റ്റുകള്‍ പിടിച്ചെടുത്തു. പാക്ക് സൈന്യത്തിന്റെ ടാങ്കും അഫ്ഗാന്‍ സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
അഫ്ഗാന്‍പാക്ക് അതിര്‍ത്തിയായ ഡ്യൂറന്‍ഡ് ലൈനിനോടു ചേര്‍ന്നുള്ള പാക്ക് ജില്ലയായ ചമന്‍, അഫ്ഗാന്‍ ജില്ലയായ സ്പിന്‍ ബോള്‍ദക് എന്നിവ കേന്ദ്രീകരിച്ചാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. 58 പാക്ക് സൈനികരെ വധിച്ചതായാണ് അഫ്ഗാന്‍ സൈന്യം അവകാശപ്പെട്ടത്. അതേസമയം, 200 അഫ്ഗാന്‍ സൈനികരെ വധിച്ചതായി പാക്ക് സൈന്യവും അവകാശപ്പെട്ടു. തങ്ങളുടെ ഭാഗത്ത് 23 സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാക്ക് സൈന്യം അംഗീകരിച്ചു. അതേസമയം, അഫ്ഗാന്‍ ഭാഗത്ത് 12 പേര്‍ കൊല്ലപ്പെട്ടതായും 100ലേറെ പേര്‍ക്ക് പരുക്കേറ്റതായുമാണ് താലിബാന്‍ അവകാശപ്പെടുന്നത്.
പാക്ക് സൈന്യമാണ് ഇന്നു രാവിലെ ആക്രമണത്തിനു തുടക്കമിട്ടതെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ആക്രമണത്തില്‍ സ്പിന്‍ ബോള്‍ദക് മേഖലയിലെ 12 സിവിലിയന്‍മാരാണു കൊല്ലപ്പെട്ടതെന്നും ഇതിന് അഫ്ഗാന്‍ സൈന്യം പ്രത്യാക്രമണത്തിലൂടെ മറുപടി നല്‍കിയെന്നും താലിബാന്‍ വക്താവ് പറഞ്ഞു. നിരവധി പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായും സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായും ടാങ്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തതായും സബീഹുള്ള അവകാശപ്പെട്ടു. കൊല്ലപ്പെട്ട 10 പാക്ക് സൈനികരുടെ കൂടി വിഡിയോ അഫ്ഗാന്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, അഫ്ഗാന്‍ സൈന്യവും പാക്ക് താലിബാനും ചേര്‍ന്ന് തങ്ങളുടെ പോസ്റ്റുകള്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് പാക്കിസ്ഥാന്‍ പറഞ്ഞു. കനത്ത തിരിച്ചടി നല്‍കിയെന്നും അവകാശപ്പെട്ടു. പാക്ക് താലിബാന്റെ പരിശീലന കേന്ദ്രമുള്‍പ്പെടെ തകര്‍ത്തതായും പാക്കിസ്ഥാന്‍ അവകാശപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
